ചെന്നൈ: വധഭീഷണി മുഴക്കിയ അഖില ഭാരതീയ  ഹിന്ദുമഹാസഭയെ വെല്ലുവിളിച്ച് കമല്‍ഹാസന്‍. ഒരു ഭീഷണിയേയും ഭയമില്ലെന്നും പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചെന്നൈ കേളമ്പക്കത്ത് ആരാധകരുമായി നടത്തിയ സംവാദത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു താരം. ജനങ്ങളുമായി സംവദിക്കാന്‍ ഒരു മൊബൈല്‍ ആപ് നവംബര്‍ ഏഴിന് പുറത്തിറക്കും. ജനാഭിപ്രായം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി കേളമ്പക്കത്ത് ചേര്‍ന്നതിന് സമാനമായ അന്‍പത് യോഗങ്ങള്‍ കൂടി വിളിച്ചുചേര്‍ക്കുമെന്നും കമല്‍ വ്യക്തമാക്കി. 


ഹിന്ദു തീവ്രവാദം യാഥാര്‍ത്ഥ്യമാണെന്ന കമലിന്‍റെ പ്രസ്താവനയ്ക്കെതിരെ അഖില ഭാരതീയ  ഹിന്ദുമഹാസഭ രംഗത്ത് വന്നിരുന്നു. കമലിനെ വെടിവച്ച് കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്നായിരുന്ന ഹിന്ദുമഹാസഭയുടെ ആഹ്വാനം. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് തന്നെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് കമല്‍ഹാസന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. 


ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തി ജയിലില്‍ അടക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നതെന്നും ഇപ്പോള്‍ ജയിലുകളില്‍ ഇടം ഇല്ലാതായതോടെ കൊന്നുകളയാന്‍ ആഹ്വാനം ചെയ്യുകയാണ് എന്നായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം.