ബംഗളൂരു: ഇന്നലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്തിനു ശേഷം കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം മുറുകുകയാണ്. മൂന്ന് മുന്നണികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയ്ക്ക് മന്ത്രിസഭാ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ വലിയ പാര്‍ട്ടിയെന്ന അവകാശ വാദവുമായി ബിജെപിയും രംഗത്തുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് ഗവര്‍ണര്‍ പ്രോത്സാഹനം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 



അതുകൂടാതെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് ഗവര്‍ണറെ കാണാന്‍ അവസരം നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 12 മണി മുതല്‍ ഗവര്‍ണറെ സന്ദര്‍ശിക്കാനുള്ള അനുമതിയ്ക്കായി കാത്തിരിക്കുകയാണ്, പക്ഷെ ഇതുവരെ ഗവര്‍ണറുടെ ഭാഗത്തുനിന്നും യാതൊരു സന്ദേശവും ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ബി.ജെ.പി നേതാവായ യെദിയൂരപ്പക്ക് ഗവര്‍ണര്‍ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. 



കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് കേവല ഭൂരിപക്ഷത്തിനും വളരെ കൂടുതല്‍ അംഗങ്ങളുണ്ട്. ഗവര്‍ണര്‍ക്ക് നല്‍കാനുള്ള എം.എല്‍.മാരുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം നല്‍കിയ കത്തുകളോട് ഗവര്‍ണര്‍ പ്രതികരിക്കുന്നില്ല. എന്നിട്ടും ഇപ്പോഴും ഗവര്‍ണറുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.


 അതേസമയം,  ജെഡിഎസില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നും അംഗങ്ങളെ വിലയ്ക്കെടുക്കാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ കര്‍ണാടകയില്‍ തമ്പടിച്ചിരിയ്ക്കുകയാണ്. 100 കോടി വരെ വാഗ്ദാനം ലഭിച്ചതായി ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞു.