മുംബൈ: അയോധ്യ രാമജന്മ ഭൂമി തര്‍ക്കകേസില്‍ സുപ്രീംകോടതി നടത്തിയ ചരിത്ര പ്രധാന വിധിക്കെതിരെ പുനഃപ്പരിശോധന ഹര്‍ജി നല്‍കാനുള്ള ചില മുസ്ലീം കക്ഷികളുടെ നീക്കത്തിനെതിരെ പ്രമുഖര്‍ രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിനേതാക്കളായ നസറുദ്ദീന്‍ ഷാ, ഷബാന ആസ്മിയടക്കം നൂറോളം പ്രമുഖ മുസ്ലീം പൗരന്‍മാരാണ് ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ തര്‍ക്കം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സമുദായത്തിന് തന്നെ ദൂഷ്യഫലങ്ങളാണ് സമ്മാനിക്കുകയെന്നാണ് ഇവരുടെ അഭിപ്രായം.


ഇത് സംബന്ധിച്ച നിവേദനവും തയ്യാറാക്കിയിട്ടുണ്ട്. മുസ്ലീം വിഭാഗങ്ങളില്‍ നിന്നുള്ള ഇസ്ലാമിക പണ്ഡിതര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസുകാര്‍, കവികള്‍, അഭിനേതാക്കള്‍, തീയറ്റര്‍ വ്യക്തിത്വങ്ങള്‍, സംഗീതജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ നിവേദനത്തില്‍ ഒപ്പുവെച്ചു. 


‘ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന്‍റെയും, ഭരണഘടനാ വിദഗ്ധരുടെയും, മതേതര സംഘടനകളുടെയും അസന്തുഷ്ടി ഞങ്ങള്‍ പങ്കുവെയ്ക്കുന്നു. പരമോന്നത കോടതി അന്തിമ തീരുമാനം എടുത്തപ്പോള്‍ നിയമത്തിന് മുകളിലാണ് വിശ്വാസത്തെ സ്ഥാപിച്ചത്’, നിവേദനം പറയുന്നു.


ജുഡീഷ്യല്‍ വിധിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അയോധ്യ തര്‍ക്കം ചൂടാറാതെ നിര്‍ത്തുന്നത് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഗുണം ചെയ്യില്ല, ദോഷങ്ങള്‍ ഉണ്ടാവുകയും ചെയ്യും, അവര്‍ ഒന്നടങ്കം പറഞ്ഞു. നസറുദ്ദീന്‍ ഷാ, ഷബാന ആസ്മി, സിനിമാ എഴുത്തുകാരന്‍ അന്‍ജും രാജാബാലി, ജേണലിസ്റ്റ് ജാവേദ് ആനന്ദ് തുടങ്ങിയവര്‍ നിവേദനത്തില്‍ ഒപ്പിട്ടവരില്‍ പ്രമുഖരാണ്. 


നവംബര്‍ 9നാണ് അയോധ്യ രാമജന്മ ഭൂമി തര്‍ക്കകേസില്‍ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചത്. തര്‍ക്കത്തിലുള്ള അയോധ്യ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കാനാണ് സുപ്രീംകോടതി വിധിച്ചത്. കൂടാതെ, സുന്നി വഖഫ് ബോര്‍ഡിന് 5 ഏക്കര്‍ സ്ഥലം നല്‍കാനും ഉത്തരവിട്ടു. എന്നാല്‍, വിധി വന്നതിന് പിന്നാലെ, അതൃപ്തി അറിയിച്ച ചില മുസ്ലീം സംഘടനകള്‍  പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് മുസ്ലീം പ്രമുഖര്‍ രംഗത്തെത്തിയിരിക്കുന്നത്.


Also read: അയോധ്യ വിധി ഏകകണ്ഠ൦!! തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം...