നാഗാലാ‌‍ന്‍ഡിന് പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി‍.  വിഘടനവാദികള്‍ ആയുധം താഴെ വയ്ക്കാതെ അവരുമായി യാതൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദശകങ്ങള്‍ നീണ്ട നാഗാ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വിഘടനവാദി സംഘടനകളുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം ചുമതലപ്പെടുത്തിയ ഗവര്‍ണര്‍ ആര്‍.എന്‍ രവി മേഖലയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിന് കേന്ദ്രം പ്രതിജ്ഞാബന്ധമാണെന്ന് വ്യക്തമാക്കി. 


എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ ആയുധം താഴെവച്ച് അക്രമം അവസാനിപ്പിക്കുന്നതിന് വിഘടനവാദികള്‍ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 


സമാധാനചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നതിനിടെ വിഘടനവാദി സംഘടനയായ എന്‍.എസ്.സി.എന്‍-ഐഎം നാഗാലാന്‍ഡിന് പ്രത്യേക പതാകയും ഭരണഘടനയും വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു. എന്നാല്‍ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു. 


നാഗാ ജനസമൂഹവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സന്നദ്ധമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.