അഹമ്മദാബാദ്: 'ഓഖി' ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രതിന്‍റെ അറിയിപ്പില്‍ പറയുന്നു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് എത്തിയതോടെ വീണ്ടും ന്യൂനമര്‍ദ്ദമായി മാറുകയാണ്. എങ്കിലും ഗുജറാത്ത് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണ ഗുജറാത്ത് അതീവ ജാഗ്രതയിലാണ്. സൂറത്ത്, വല്‍സാഡ്, നവസാരി, ഭാവ്‌നഗര്‍, അംറേലി തുടങ്ങിയ പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ തീരദേശ സംരക്ഷണ സേനയെയും ദേശീയ ദുരന്തനിവാരണ സേനയേയും ദേശത്ത് വിന്യസിപ്പിച്ചിരിക്കുകയാണ്. 


വ്യോമ നാവികസേനകളും ബിഎസ്എഫും ഏതു സാഹചര്യവും നേരിടാന്‍ തയാറായി രംഗത്തുണ്ട്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ സൂറത്ത് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു.


മേഖലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉപ്പുപാടങ്ങളിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴായിരം പേരെ മാറ്റിപാര്‍പ്പിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാണി സൂറത്തില്‍ ക്യാംപ് ചെയ്യുകയാണ്. 


സൂറത്തിനു ദക്ഷിണ-പടിഞ്ഞാറന്‍ മേഖലയില്‍ 240 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇപ്പോള്‍ ന്യൂന മര്‍ദമനുഭവപ്പെടുന്നത്. അടുത്ത ആറു മണിക്കൂറിനുള്ളില്‍ 18 കിലോ മീറ്റര്‍ വേഗത്തില്‍ അറബിക്കടലിന്‍റെ ഉത്തര-ഉത്തരകിഴക്ക് ഭാഗത്തേക്ക് ന്യൂനമര്‍ദ്ദം പോകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.


അതേസമയം, ഉത്തര മഹാരാഷ്ട്രയുടെ തീരദേശമേഖലയിലും മഴ തുടരുകയാണ്.