ന്യൂഡല്‍ഹി: ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനയില്‍ അപ്രഖ്യാപിത നിയന്ത്രണം. തുടര്‍ച്ചയായി എല്ലാ ദിവസവും രാജ്യത്ത് എണ്ണവിലയില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കവെ കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദൈനംദിന ഇന്ധനവില നിര്‍ണയം താല്‍ക്കാലികമായി റദ്ദാക്കിയതായാണ് സൂചന. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്‌ കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നീക്കമെന്നും സൂചനയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുമ്പോള്‍ രാജ്യത്ത റെക്കോഡിലെത്തി നില്‍ക്കുന്ന എണ്ണവില ഒരാഴ്ചയായി മാറാത്തത് എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതിനാലാണെന്നാണ് വിലയിരുത്തല്‍.


ആഗോള വിപണയില്‍ ഇന്ധന വില കൂട്ടിയിട്ടും ആഭ്യന്തരവിപണിയില്‍ ഇന്ധനവിലയില്‍ മാറ്റം വന്നിട്ടില്ല. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രത്തിന്‍റെ ഈ നിര്‍ദേശം. ഇന്ധന വില വര്‍ധന ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ജനവികാരം പ്രതികൂലമായി മാറുമെന്ന ഭയത്തെ തുടര്‍ന്ന് ദൈനംദിന ഇന്ധന വില നിര്‍ണയം മരവിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ എണ്ണവില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഡീസല്‍ വിലയിലാണ് വന്‍ കുതിപ്പ്. എക്‌സൈസ് തീരുവ കുറച്ച് വില സ്ഥിരത കൈവരിക്കണമെന്ന് പ്രതിപക്ഷ കക്ഷികളെല്ലാം നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. കര്‍ണാടക തിരഞ്ഞെടുപ്പിലും എണ്ണവിലക്കെതിരെ ജനവികാരം ശക്തമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം നല്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 


നേരെത്ത ആഗോള വിപണിയില്‍ ഇന്ധന വില കുറയുന്ന വേളയിലും രാജ്യത്തെ അഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നുണ്ടായിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ലെന്ന് നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമം എത്രകണ്ട് വിജയിക്കുമെന്ന് മെയ്‌ 15ന് അറിയാം.