ചെന്നൈ: മണ്ണാര്‍ഗുഡി സംഘത്തിനെതിരെ അണ്ണാ ഡി.എം.കെയില്‍  ശക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെയും അനന്തരവനും ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനെയും ഒതുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് എടപ്പാടി പളനിസാമി വിഭാഗം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശശികലയുടെ പാര്‍ട്ടി ജനറൽ സെക്രട്ടറി സ്ഥാനം താല്‍ക്കാലികം മാത്രമാണെന്ന് അണ്ണാ ഡി.എം.കെ (അമ്മ) പക്ഷം പ്രമേയം പാസ്സാക്കി. ടി.ടി.വി ദിനകരന്‍റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്നും അണ്ണാ ഡി.എം.കെ യോഗത്തില്‍ മുഖ്യമന്ത്രി പളനിസാമി പറഞ്ഞു. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ജയിലിലായ ശശികല നിയോഗിച്ച ടി.ടി.വി ദിനകരന് പാര്‍ട്ടി തീരുമാനങ്ങള്‍ പറയാന്‍ ഒരു അധികാരവുമില്ലെന്ന് ഇ.പി.എസ് തുറന്നടിച്ചു.


പുതിയ ഭാരവാഹികളുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ പളനിസാമി മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമായുള്ള ലയനസാധ്യത ബലപ്പെടുത്തുകയാണ് ചെയ്തത്. ഇതോടെ എടപ്പാടി പളനിസാമി–പനീർസെൽവം വിഭാഗങ്ങൾ ലയിക്കുന്നതിനുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. അടുത്ത ആഴ്ചയോടെ ലയനപ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും പാർട്ടിയിലെ ഐക്യം ഉടൻ പ്രഖ്യാപിക്കുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.


ശശികല പക്ഷത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ലയനത്തിന് തയ്യാറെന്നതായിരുന്നു പനീര്‍ശെല്‍വത്തിന്‍റെ നിലപാട്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ അസന്നിഗ്ധമായി പളനിസാമി ഇക്കാര്യത്തിന് ഊന്നല്‍ നല്‍കിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയമാറ്റത്തിന്‍റെ സൂചനയാണ് ഉണ്ടായിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദം വിമത നേതാവിന് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്.


ലയന ചര്‍ച്ചകളുടെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കാനാണ് പളനിസാമി പക്ഷം ചെന്നൈയിലെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് യോഗം ചേര്‍ന്നത്. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയതിന്‍റെ സൂചനയായാണ് പാര്‍ട്ടി കാര്യങ്ങളില്‍ ദിനകരനെ അടുപ്പിക്കില്ലെന്നുള്ള പളനിസാമിയുടെ നിലപാട്.