ന്യൂഡല്‍ഹി: മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായതിന് പിന്നില്‍ പുറത്തുനിന്നും ഉള്ളവരാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഇതില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെടുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രിയായ ബസവരാജ് ബൊമ്മൈ പറഞ്ഞു. മംഗളൂരുവിലെ പൊലീസ് വെടിവെപ്പില്‍ പൊലീസിനെ ന്യായീകരിച്ചാണ് കര്‍ണാടക ആഭ്യന്തരമന്ത്രി രംഗത്തെത്തിയത്.


ആക്രമണങ്ങള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ളവരാണെന്നും ഇതില്‍ അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇവര്‍ ആക്രമണം നടത്താന്‍ കഴിഞ്ഞ നാല് ദിവസമായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


പ്രതിഷേധക്കാര്‍ മംഗളൂരു നോര്‍ത്ത് പോലീസ് സ്‌റ്റേഷന് തീയിടാന്‍ ശ്രമിച്ചിരുന്നു അപ്പോഴാണ് പോലീസ് വെടിയുതിര്‍ത്തതെന്നും ഡല്‍ഹിയില്‍ മധ്യമങ്ങളോട് പ്രതികരിക്കവേ ആഭ്യന്തര മന്ത്രി പറഞ്ഞു.


കേരളത്തില്‍ നിന്ന് വന്നവരാണ് മംഗളൂരുവിലെ അക്രമങ്ങള്‍ക്ക് കാരണമെന്നും മലയാളികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിച്ചെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രധാന ആരോപണമെന്നാണ് റിപ്പോര്‍ട്ട്.


പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ കാരണമാണ് ഈ പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നും അക്രമികളെ കര്‍ശനമായി നേരിടുമെന്നും ബസവരാജ് പറഞ്ഞു. 


മംഗളൂരുവില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ നടന്ന പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 


പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചേക്കുമെന്ന സൂചന കിട്ടിയതോടെയാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്നാണ് ഈ വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം.