രാംപുരഹട്ട്: ശാസ്ത്രക്രിയയിലൂടെ അവയവങ്ങള്‍ മാറ്റിവെച്ചു അല്ലെങ്കില്‍ എന്തെങ്കിലും അസുഖത്തിന്‍റെ പേരില്‍ ശാസ്ത്രക്രിയ ചെയ്യേണ്ടിവന്നു എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും അല്ലെ. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ആഭരണങ്ങളും നാണയങ്ങളും നീക്കം ചെയ്താലോ.


COMMERCIAL BREAK
SCROLL TO CONTINUE READING

കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഒന്ന് ഞെട്ടിയിട്ടുണ്ടാകാമെങ്കിലും സത്യമാണ്. പശ്ചിമബംഗാളിലെ ബിര്‍ബൂമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ച നടത്തിയ ശസ്ത്രക്രിയയിലാണ് യുവതിയുടെ വയറ്റില്‍ നിന്നും ഒന്നരകിലോ ആഭരണങ്ങളും 90 നാണയങ്ങളും കണ്ടെത്തിയത്.


മര്‍ഗ്രാം സ്വദേശിയാണ് യുവതി. മാല, മൂക്കുത്തി, കമ്മല്‍, വളകള്‍, പാദസരം തുടങ്ങിയ ആഭരണങ്ങളും അഞ്ച്, പത്ത് രൂപയുടെ 90 നാണയങ്ങളുമാണ് യുവതിയുടെ വയറ്റില്‍നിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്.


29 വയസ്സുള്ള യുവതിക്ക് മനസികാസ്വാസ്ഥ്യമുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആഭരണങ്ങളില്‍ ചിലത് സ്വര്‍ണം കൊണ്ടുള്ളതാണ് ബാക്കിയുള്ളവ ചെമ്പുകൊണ്ടും പിച്ചളകൊണ്ടുമുള്ളതാണ്.  


മകള്‍ക്ക് മാനസികമായി പ്രശ്നമുള്ളതായി യുവതിയുടെ അമ്മയും പറഞ്ഞു. കഴിഞ്ഞ കുറെദിവസമായി അക്രമവാസന കാട്ടുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു.


അടുത്ത കാലത്തായി ഇവരുടെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കാണാതാവുക പതിവാകുകയും അതിനെക്കുറിച്ച് മകളോട് ചോദിക്കുമ്പോള്‍ മകള്‍ കരയുകയും പതിവായിരുന്നു. അതില്‍ സംശയം തോന്നിയ വീട്ടുകാര്‍ യുവതിയെ രഹസ്യമായി നിരീക്ഷിച്ചതില്‍ നിന്നുമാണ് ആഭരണങ്ങള്‍ പെണ്‍കുട്ടി വിഴുങ്ങുന്നുവെന്ന് മനസ്സിലായത്. 


അതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഒരാഴ്ചത്തെ നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയതെന്ന് ഡോ.സിദ്ധാര്‍ത്ഥ ബിശ്വാസ് പറഞ്ഞു.