ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് സിബിഐ നോട്ടീസ്. രണ്ടു മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ് ഡല്‍ഹി ജോര്‍ബാഗിലുള്ള ചിദംബരത്തിന്‍റെ വീട്ടില്‍ പതിപ്പിചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഎന്‍എക്സ് മീഡിയാക്കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അതിന്‍റെ പിന്നാലെ സിബിഐ ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്‍റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.


തുടര്‍ന്ന്‍ സിബിഐ രാത്രി പതിനൊന്നുമണിക്ക് ചിദംബരത്തിന്‍റെ വീട്ടില്‍ നോട്ടീസ് ഒട്ടിച്ചു. 


 



 


എന്നാല്‍ ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് അഭിഭാഷകന്‍ മുഖേന ചിദംബരം ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ചിദംബരത്തിന്‍റെ ഹര്‍ജി ഇന്ന് 10.30 ന് സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. അതിനാലാണ് ഈ ആവശ്യം എന്നും സൂചനയുണ്ട്.


ഹൈക്കോടതിയുടെ നടപടി നീതിപൂര്‍വ്വമല്ലെന്നും, തെളിവുകള്‍ പരിശോധിച്ചിട്ടുള്ള നടപടിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 


ഐഎന്‍എക്സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ അറസ്റ്റു ചെയ്തേക്കുമെന്ന സൂചനയുണ്ട്. ഡല്‍ഹി ഹോക്കൊടതിയുടെ വിധി അതിനു വഴിയോരുക്കുന്നതുമാണ്. 


ഐഎന്‍എക്സ് മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് ചിദംബരത്തിന്‍റെ മുന്‍‌കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. അറസ്റ്റില്‍ നിന്നും മൂന്നു ദിവസത്തേയ്ക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്ന അദ്ദേഹത്തിന്‍റെ അപേക്ഷയും ജസ്റ്റിസ് സുനില്‍ ഗൗര്‍ നിരസിച്ചു.


ചിദംബരം ധനമന്ത്രിയിരിക്കെ ഐഎന്‍എക്സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ (എഫ്ഐപിബി) അനുമതി നല്‍കിയത് സംബന്ധിച്ചാണ് കേസ്. 


ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്. രണ്ടു കേസിലേയും മുന്‍കൂര്‍ജാമ്യാപേക്ഷകളാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്.