ന്യൂഡല്‍ഹി: പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം ശമിക്കുന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യമൊട്ടാകെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിരുന്നു. സുപ്രീം കോടതി നടത്തിയ നിര്‍ണ്ണായക വിധിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ക്രമസമാധാനപാലനത്തിനുള്ള ഉത്തരവാദിത്തം ഭരണഘടന ചുമത്തിയിട്ടുണ്ടെന്നും, സിബിഎഫ്സി അനുമതി നല്‍കിയ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായാല്‍ അത് തടയേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ് എന്നും ഓര്‍മ്മപ്പെടുത്തിയിരുന്നു. 


അതേസമയം, സിബിഎഫ്സി തലവനായ പ്രസൂണ്‍ ജോഷിയെ രാജസ്ഥാനില്‍ കയറാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കര്‍ണി സേന രംഗത്തെത്തി. കര്‍ണി സേനയുടെ നേതാവ് സുഖ്ദേവ് സിംഗ് ആണ് ഇത്തരമൊരു താക്കീത് നല്‍കിയിരിക്കുന്നത്.


അതുകൂടാതെ പത്മാവത് പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ബിഹാറിലെ മുസഫര്‍പുരില്‍ സിനിമാ തീയറ്ററിന് നേരെ കര്‍ണിസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും തീയറ്റര്‍ കത്തിക്കുകയും ചെയ്തു. 


രാജ്യമൊട്ടാകെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കര്‍ണി സേന പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രകടനം നടത്തി. 


സെൻസർ ബോർഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതിനുശേഷമാണ് ജനുവരി 25ന് ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. സെൻസർ ബോർഡിന്‍റെ നിര്‍ദ്ദേശപ്രകാരം അവശ്യ മാറ്റങ്ങള്‍ ചിത്രത്തിലും, ചലച്ചിത്രത്തിന്‍റെ പേരിലും വരുത്തിയിരുന്നു. എന്നാല്‍ രാജസ്ഥാന്‍, ഗുജറാത്ത്‌, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 


രാജ്പുത് സമുദായം അഭിമാനം കൊള്ളുന്ന റാണി പത്മിനിയുടെ ചരിത്രത്തെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് രാജ്പുത് സമുദായക്കാരുടെ പരാതി. 


ജനുവരി 25ന് ഈ ചിത്രം ഹിന്ദി, തെലുങ്ക്‌, തമിഴ് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.


പത്മാവതി എന്ന സിനിമയില്‍ ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രമായ റാണി പത്മവതിയെ അവതരിപ്പിക്കുന്നു. റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും അഭിനയിക്കുന്നു. 


ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.