ന്യൂഡല്‍ഹി: പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിന്‍റെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാലു സംസ്ഥാനങ്ങള്‍ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയതാണ് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ കാരണം. രാജസ്ഥാന്‍, ഗുജറാത്ത്‌, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയിരിക്കുന്നത്. 


സെൻസർ ബോർഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതിനുശേഷമാണ് ജനുവരി 25ന് ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. സെൻസർ ബോർഡിന്‍റെ നിര്‍ദ്ദേശപ്രകാരം അവശ്യ മാറ്റങ്ങള്‍ ചിത്രത്തിലും, ചലച്ചിത്രത്തിന്‍റെ പേരിലും വരുത്തിയിരുന്നു. 
   
അതേസമയം, രാജസ്ഥാനിലെ രാജ്പൂത് കർണിസേന തങ്ങളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച ധോൽപുരിലെ കർണിസേന പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. തങ്ങളുടെ വികാരങ്ങൾ മനസിലാക്കാൻ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും അവര്‍ അഭ്യർത്ഥിച്ചിരുന്നു. 


ചിറ്റോട് റാണിയായ പത്മിനിയുടെ മറ്റൊരു പേരാണ് റാണി പത്മാവതി. റാണി പത്മിനി അതീവ സുന്ദരിയായിരുന്നു എന്നും അവരുടെ സൗന്ദര്യമാണ് റാവൽ രത്തൻ സിംഗിനെ അവരിലേയ്ക്ക് ആകര്‍ഷിച്ചതെന്നും ചരിത്രം പറയുന്നു. 


1303ൽ ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി മേവാഡ് ആക്രമിക്കുകയും ഭരണാധികാരി റാവൽ രത്തൻ സിംഗിന്‍റെ ആസ്ഥാനമായിരുന്ന ചിറ്റോട് കോട്ട വളയുകയും ചെയ്തു. ശത്രുക്കളാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ റാണി പത്മിനിയടക്കം കൊട്ടാരത്തിലെ സ്ത്രീകള്‍ ഒന്നടങ്കം തീയില്‍ ചാടി മരിക്കുകയും പുരുഷന്മാര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. 


രാജ്പുത് സമുദായം അഭിമാനം കൊള്ളുന്ന റാണി പത്മിനിയുടെ ചരിത്രത്തെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ഈ സമുദായക്കാരുടെ പരാതി. 


ജനുവരി 25ന് ഈ ചിത്രം ഹിന്ദി, തെലുങ്ക്‌, തമിഴ് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.


പത്മാവതി എന്ന സിനിമയില്‍ ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രമായ റാണി പത്മവതിയെ അവതരിപ്പിക്കുന്നു.  റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും അഭിനയിക്കുന്നു. 


ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.