ജയ്പുര്‍: ജനുവരി 25ന് റിലീസാവാനിരിക്കെ, പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ മായം വരുത്തി കര്‍ണി സേന.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം വിലക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും, ചിത്രം കണ്ടു വിലയിരുത്താന്‍ രാജകുടുംബാംഗങ്ങളും ചരിത്രകാരന്‍മാരുമടങ്ങുന്ന ആറംഗ പാനല്‍ കര്‍ണി സേന രൂപീകരിച്ചു.


ചരിത്രകാരന്മാരായ ആര്‍.എസ്. ഖാന്‍ഗാരോട്ട്, ബി.എല്‍. ഗുപ്ത, കപില്‍കുമാര്‍, റോഷന്‍ ശര്‍മ, മേവാര്‍ രാജകുടുംബാംഗം വിശ്വരാജ് സിംഗ്, ബന്‍സ്വര രാജകുടുംബാഗം ജഗ്മല്‍ സിംഗ് എന്നിവരാണു സമിതിയില്‍ ഉള്ളത്. 
ജയ്പുരിലെ അഗര്‍വാള്‍ കോളജ് പ്രിന്‍സിപ്പലാണു ഖാന്‍ഗാരോട്ട്. രാജസ്ഥാന്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം റിട്ട. പ്രഫസറാണു ബി.എല്‍.ഗുപ്ത. ജയ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചരിത്രകാരനാണു റോഷന്‍ ശര്‍മ. കപില്‍ കുമാര്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചരിത്രകാരനാണ്. 


അതേസമയം, 'പത്മാവത്' നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ശമിക്കുന്നില്ല. അഹമ്മദാബാദില്‍ കടകള്‍ക്കും മാളുകള്‍ക്കും നേരെ വ്യാപക അക്രമം ഉണ്ടായി. പ്രതിഷേധക്കാര്‍ കല്ലേറു നടത്തുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. കൂടാതെ രാജ്പൂത് സ്ത്രീകൾ ചിത്തോട്ഗഡില്‍ സ്വാഭിമാൻ റാലി നടത്തുകയുണ്ടയി. 


രാജ്പുത് സമുദായം അഭിമാനം കൊള്ളുന്ന റാണി പത്മിനിയുടെ ചരിത്രത്തെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് രാജ്പുത് സമുദായക്കാരുടെ പരാതി. 


ജനുവരി 25ന് ഈ ചിത്രം ഹിന്ദി, തെലുങ്ക്‌, തമിഴ് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.


പത്മാവതി എന്ന സിനിമയില്‍ ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രമായ റാണി പത്മവതിയെ അവതരിപ്പിക്കുന്നു. റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും അഭിനയിക്കുന്നു. 


ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.