ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍റെ ആക്രമണം. പാക്ക് പട്ടാളത്തിന്‍റെ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ മുതല്‍ പൂഞ്ച് രാജൗരി മേഖലകളിലെ നിയന്ത്രണ മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ശക്തമായ ആക്രമണമാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തുന്നത്.  ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈന്യം അറിയിച്ചു.


പാകിസ്ഥാന്‍ സൈനികര്‍ പ്രകോപനമില്ലാതെ നടത്തിയ ഷെല്ലാക്രമണത്തിലാണു നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ മുതല്‍ ഇവിടെ പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. മോര്‍ട്ടാറുകള്‍, മിസൈലുകള്‍, ഓട്ടമാറ്റിക് ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. പൂഞ്ച് ജില്ലയിലുണ്ടായ ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്കും സൈനികനും പരിക്കേറ്റു. സാംബ സെക്ടറില്‍ അതിര്‍ത്തി രക്ഷാസേന പാക്ക് സൈന്യത്തിന്‍റെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണു വെടിവയ്പ് ആരംഭിച്ചത്. പൂഞ്ചില്‍ മൂന്നു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പാക്ക് ആക്രമണമാണിത്. കഴിഞ്ഞയാഴ്ച പന്ത്രണ്ടോളം സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു.


2014നു ശേഷം ഏറ്റവും കൂടുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണു കഴിഞ്ഞമാസം പാകിസ്ഥാന്‍ നടത്തിയതെന്നു ഇന്ത്യന്‍ സേന വ്യക്തമാക്കി. ജനുവരി 18നും 22 നും ഇടയില്‍ ജമ്മുവിലുണ്ടായ ആക്രമണങ്ങളില്‍ എട്ടു പ്രദേശവാസികളും ആറു സൈനികരുമുള്‍പ്പടെ 14 പേരാണു കൊല്ലപ്പെട്ടത്. അറുപതിലധികം പേര്‍ക്കു പരുക്കേറ്റു. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി രജൗരി, പൂഞ്ച്, ജമ്മു, സാംബ ജില്ലകളിലെ 300 സ്‌കൂളുകള്‍ക്കു കഴിഞ്ഞ ദിവസങ്ങളില്‍ അവധി നല്‍കിയിരുന്നു.