ന്യൂഡൽഹി∙ പഠാൻകോട്ട് വ്യോമസേനാ താവളത്തിനുനേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്ക് സർക്കാരിന്‍റെ  പങ്ക് സ്ഥിതികരിക്കുന്ന തരത്തിലുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടർ ജനറൽ ശരത് കുമാർ അറിയിച്ചു.  മാത്രമല്ല, പാക്ക് സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളെയും സംശയിക്കാൻതക്ക ഒരു തെളിവുകളും ഇതുവരെ നടന്ന അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


പഠാൻകോട്ട് വ്യോമസേനാ താവളത്തിനുനേരെ ആക്രമണം നടത്തിയ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന് പാക്കിസ്ഥാൻ സർക്കാരോ, പാക്ക് സർക്കാരുമായി ബന്ധപ്പെട്ട് മറ്റ് ഏജൻസികളുടെയോ സഹായം ലഭിച്ചതിനുള്ള യാതൊരു തെളിവും  ലഭിച്ചിട്ടില്ലെന്ന്  ശരത് കുമാർ പറഞ്ഞു. കൂടാതെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘംപാകിസ്ഥാനില്‍ ആദ്യഘട്ടം പൂർത്തിയാക്കിയതായും ഇനി പാകിസ്ഥാനിലേക്ക് രണ്ടാം ഘട്ട അന്വേഷണത്തിനായി പോകാന്‍  പാക്ക് സർക്കാരിന്‍റെ അനുമതി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.