ന്യൂഡല്‍ഹി: ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 43 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിഭാഷകന്‍ അവധ് കൗഷിക് ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഭാവിയില്‍ ഇതേപോലെയുള്ള സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ കർശന മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണ൦ അല്ലെങ്കില്‍ സിബിഐ അന്വേഷണമാണ് അദ്ദേഹം തന്‍റെ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.


നിയമവിരുദ്ധമായ നിർമ്മിച്ച കെട്ടിടം, നിയമവിരുദ്ധമായ പ്ലാസ്റ്റിക്, പാക്കിംഗ് വസ്തുക്കളുടെ നിർമ്മാണ ഫാക്ടറി, രജിസ്ട്രേഷൻ, ലൈസൻസ്, അതോറിറ്റി സർട്ടിഫിക്കറ്റ്, അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു, എന്നെ വസ്തുതകള്‍ ഈ സംഭവത്തോടെ പുറത്തു വന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ഞടുക്കിയ തീപിടിത്തം തലസ്ഥാനത്തുണ്ടായത്. സംഭവത്തില്‍ 43 പേര്‍ മരിയ്ക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 


അതേസമയം, അനാജ് മണ്ടിയിലുണ്ടായ തീപിടുത്തത്തില്‍ 43 ജീവന്‍ നഷ്ടപ്പെട്ട കേസില്‍ ഫാക്ടറി ഉടമ റെഹാനേയും മാനേജർ ഫുർഖാനേയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിയ്ക്കുകയാണ്. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ചോദ്യം ചെയ്യലിനായി ഇരുവരെയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായത്. 


അതേസമയം, തീ പിടിത്തത്തെത്തുടര്‍ന്ന് ഒളിവില്‍പോയ ഫാക്ടറി ഉടമ റെഹാനെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 304 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. 


അവശ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് നിര്‍മാണശാല പ്രവര്‍ത്തിച്ചുവന്നത്. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയും സുരക്ഷാ സംവിധാനങ്ങളുടെ കുറവുമാണ് ഡല്‍ഹി റാണി ഝാന്‍സി റോഡിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തം ഗുരുതരമാക്കിയതെന്ന്‍ അഗ്നിശമന സേനാ വക്താവ് പറഞ്ഞിരുന്നു. 


അപകടമുണ്ടായ സ്ഥാപനത്തില്‍ അപായ അലാറമോ തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷപ്പെടുന്നതിനുള്ള സുരക്ഷാ മാര്‍ഗങ്ങളോ ഉണ്ടായിരുന്നില്ല. തീപിടിത്തമുണ്ടായ സമയത്ത് പലരും ഉറക്കത്തിലായിരുന്നതും അപകട വിവരം ലഭിക്കാന്‍ വൈകിയതും മരണസംഖ്യ ഉയരാന്‍ കാരണമായി.


അതേസമയം, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ്. കൂടാതെ, ഫാക്ടറിയിലുണ്ടായിരുന്ന പേപ്പര്‍, പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കള്‍ തീപിടിത്തം വ്യാപിക്കാന്‍ കാരണമായി. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് ഇടുങ്ങിയ പ്രദേശത്തായതിനാല്‍ പുക തങ്ങിനിന്നത് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചു. പൊള്ളലേറ്റതിനേക്കാള്‍ ശ്വാസംമുട്ടിയുള്ള മരണമാണ് അധികമെന്നാണ് റിപ്പോര്‍ട്ട്.


തീപിടുത്തത്തില്‍ ഇതുവരെ 43 മരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ 55 ല്‍ അധികം പേരെ രക്ഷപെടുത്തി. പൊള്ളലേറ്റവരെ സമീപത്തുള്ള ആര്‍.എം.എല്‍ ഹോസ്പിറ്റല്‍, ഹിന്ദു റാവു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. 16 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.