വാഷിങ്ടന്‍: മാലദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ ഇന്ത്യയും യുഎസും ആശങ്ക രേഖപ്പെടുത്തി. വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി. ഈ വര്‍ഷം ആദ്യമായാണ് ഇരുവരും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തുന്നതെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തെന്നും വൈറ്റ് ഹൗസ് അറിയിച്ചു.  ജനാധിപത്യ സംവിധാനങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെയും നിയമ സംവിധാനം നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും ഇരുവരും ചര്‍ച്ച ചെയ്തു.


മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണു മാലദ്വീപിലെ സ്ഥിതി വഷളാക്കിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റ് ചെയ്ത പ്രസിഡന്റ് അബ്ദുല്ല യമീന്‍, പ്രതിപക്ഷ നേതാവും മുന്‍പ്രസിഡന്റുമായ മൗമൂന്‍ അബ്ദുല്‍ ഗയൂമിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ തടങ്കലിലുള്ള ഒന്‍പതു പ്രമുഖ പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന വിധി സുപ്രീം കോടതി പിന്‍വലിക്കുകയും ചെയ്തു.