ന്യൂഡൽഹി: ആർ.ജെ.ഡി നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ്​ യാദവി​​ന്‍റെ സെഡ്​ പ്ലസ്​ സുരക്ഷാ പിൻവലിച്ചതിനെ വിമര്‍ശിച്ചുകൊണ്ട് മകന്‍ തേജ്​ പ്രതാപ്​ യാദവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയുടെ തൊലിയുരിച്ച്​ കളയുമെന്ന്​​ തേജ്​ പ്രതാപ്​ ഭീഷണി മുഴക്കി. ഇത് ലാലുവിനെ വധിക്കാനുള്ള ഗൂഢാലോചനയാണെന്നും ഇതിനു അര്‍ഹമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


ലാലുവിന്‍റെ  സുരക്ഷ പിൻവലിച്ചതിലൂടെ​ കേന്ദ്ര സര്‍ക്കാരിന്‍റെ വൃത്തികെട്ട രാഷ്​ട്രീയമാണ്​ കാണുന്നത്. ആർ.ജെ.ഡി നേതാവിന്​​ എന്ത്​ സംഭവിച്ചാലും അതിന്‍റെ ഉത്തരവാദിത്തം മോദിക്കും നിതീഷ്​ കുമാറിനുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം, ലാലുവിന്‍റെ പ്രതികരണവും മറിച്ചായിരുന്നില്ല. 'നരേന്ദ്ര മോദി ചിന്തിക്കുന്നത് ഞാന്‍ ഭയപ്പെടുമെന്നാണ്, പക്ഷെ, ബീഹാറിലെ എല്ലാവരും, കൊച്ചുകുട്ടികള്‍പോലും എന്നെ സംരക്ഷിക്കും' അദ്ദേഹം പറഞ്ഞു.
 
കൂടാതെ മകന്‍റെ പ്രതികരണത്തോട് അദ്ദേഹം അനുകൂലിച്ചില്ല. മകനോട്‌ സംസാരിച്ചതായും താക്കീതു നല്‍കിയതായും അദ്ദേഹം പറഞ്ഞു. 


കേന്ദ്ര ആഭ്യന്തര മന്ത്രാലയതിന്‍റെ തീരുമാനമനുസരിച്ച്, രാജ്യത്തിലെ വി​.ഐ.പികൾ നേരിടുന്ന സുരക്ഷാ ഭീഷണി വ്യാപകമായി പരിശോധിച്ച് അവർക്ക്​​ നൽകി വരുന്ന സുരക്ഷാ സംവിധാനത്തിൽ മാറ്റം വരുത്തുന്നതി​​ന്‍റെ ഭാഗമായാണ്​ ലാലുവി​​ന്‍റെ സെഡ്​ പ്ലസ്​ കാറ്റഗറി സുരക്ഷ മാറ്റി സെഡ്​ കാറ്റഗറിയാക്കി ചുരുക്കാൻ​ തീരുമാനിച്ചത്​. 
 
മുന്‍പ്, എൻ.എസ്​.ജി കമാ​ൻഡോസി​​ന്‍റെ സുരക്ഷാ സന്നാഹമുണ്ടായിരുന്ന ലാലുവിന്​ ഇനിമുതൽ സെൻട്രൽ റിസർവ്​ ​പൊലീസി​​ന്‍റെ സായുധ സേനയുടെ സുരക്ഷയാണ്​ ലഭിക്കുക.