ന്യുഡല്‍ഹി: നോട്ട് നിരോധനം വിഷയത്തില്‍ പുതുവര്‍ഷത്തിനു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഡിസംബര്‍ 31ന് വൈകിട്ടായിരിക്കും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയെന്ന്‍ ഇന്ത്യന്‍ മാധ്യമ വാര്‍ത്ത ചാനലായ എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്തു. സുപ്രധാന പ്രഖ്യാപനം മോദി നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ മോഡി പ്രഖ്യാപിച്ച 50 ദിവസം ഇന്നലെ അവസാനിച്ചിരുന്നു. അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള അനുമതി ഇന്നലെ സര്‍ക്കാര്‍ നല്‍കിയിരുന്നു.


ഇത്രയും ദിവസങ്ങൾക്കുശേഷവും ആവശ്യത്തിനു പണലഭ്യതയില്ലാതെ ജനങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങളിൽ പ്രധാനമന്ത്രി ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.


 



 


നവംബര്‍ എട്ടിന് രാത്രി എട്ടുമണിയോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് 500, 1000 രൂപ നോട്ടുകള്‍ അസാധു ആക്കിയ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നവംബര്‍ എട്ടിന് പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. കള്ളപ്പണത്തെയും അഴിമതിയെയും, തീവ്രവാദത്തെയും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്.