ന്യൂഡല്‍ഹി: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച് വമ്പന്‍ കര്‍ഷക ക്ഷേമ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍... 75,000 കോടിയുടെ പദ്ധതിയ്ക്ക് ഇന്ന് യുപിയില്‍ തുടക്കം...


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ഷകര്‍ക്ക് വര്‍ഷംതോറും ആറായിരം രൂപ ലഭ്യമാക്കുന്ന "പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി"യ്ക്കാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടുന്നത്. 


ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ആദ്യ ഗഡുവായ രണ്ടായിരം രൂപ അക്കൗണ്ടിലേക്ക് കൈമാറുകയും, ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. 


പന്ത്രണ്ട് കോടി ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധി യോജനയിലൂടെ പ്രയോജനം ലഭിക്കുക. ഉദ്ഘാടന ദിവസം തന്നെ ഒരു കോടിയിലധികം കർഷകരുടെ അക്കൗണ്ടിലേക്ക് ആദ്യ ഗഡുവായ 2000 രൂപ നിക്ഷേപിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ബാക്കി അപേക്ഷകരുടെ അക്കൗണ്ടുകളിലും പണം എത്തുമെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയ അധികൃതർ വ്യക്തമാക്കുന്നത്. 


2 ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല. ഡിസംബർ‌ 1 മുതൽ മുൻകാല പ്രബല്യത്തോടയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാർച്ച് 31നുള്ളിൽ എല്ലാ കർഷകർക്കും ആദ്യ ഗഡുവായ 2000 രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കേന്ദ്ര സർക്കാരിനെതിരെ ഉയര്‍ന്നുവന്ന വന്ന കർഷക രോഷം തണുപ്പിക്കാനാണ് കേന്ദ്ര ബജറ്റിൽ കര്‍ഷകര്‍ക്കായി 6000 രൂപ പ്രഖ്യാപിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഏറെ പ്രതീക്ഷയോടെ കേന്ദ്രം പ്രഖ്യാപിച്ച ഈ പദ്ധതി നടപ്പിലാക്കുന്നതിൽ വെല്ലുവിളികളും ഏറെയാണ്.


പദ്ധതി ഉദ്ഘാടനം ചെയ്യുന്നതുകൂടാതെ, ഉത്തര്‍പ്രദേശില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നടത്തും. പിന്നാലെ പ്രയാഗ് രാജിലെത്തുന്ന പ്രധാനമന്ത്രി അര്‍ധ കുഭമേളയില്‍ പങ്കെടുക്കും.