ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉത്തര്‍പ്രദേശിലെത്തുകയാണ്. ഈയാഴ്ചയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വാരണാസി, അസംഗഡ്, മിർസാപുർ എന്നിവിടങ്ങളിൽ റാലികളെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നിരവധി വികസന പദ്ധതികള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. തന്‍റെ മണ്ടലമായ വരാണസിയിലും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. കൂടാതെ 340 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൂര്‍വ്വാഞ്ചല്‍ എക്സ്പ്രസ്സ്‌വേയ്ക്ക് നാളെ തറക്കല്ലിടും.  


അടുത്ത തെരഞ്ഞെടുപ്പിലും പ്രചാരണത്തിന്‍റെ ചുക്കാന്‍ പിടിക്കുക പ്രധാനമന്ത്രി തന്നെയെന്നാണ് അദ്ദേഹത്തിന്‍റെ ഈ ഉത്തര്‍പ്രദേശ് സന്ദര്‍ശനം വ്യക്തമാക്കുന്നത്. 


ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പ്രധാന്യമുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്‌.  2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തകര്‍പ്പന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന ബിജെപിയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്‌. അതിന്കാരണവുമുണ്ട്. ഏറ്റവുമധികം അംഗങ്ങള്‍ ലോകസഭയില്‍ എത്തുന്ന സംസ്ഥാനം എന്ന ഖ്യാതി ഉത്തര്‍ പ്രദേശിനാണ്. അതായത് ഭരണകക്ഷിയെ തീരുമാനിക്കുന്ന സംസ്ഥാനം എന്നുതന്നെ പറയാം. അതിനാല്‍ ബിജെപി ഉത്തര്‍പ്രദേശിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 


കൂടാതെ അഖിലേഷ് യാദവ് - മായാവതി കൂട്ടുകെട്ട് ഉത്തര്‍പ്രദേശില്‍ ബിജെപിയെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. 
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് നല്‍കി അധികാരത്തിലെത്തിച്ച ഉത്തര്‍പ്രദേശില്‍ ബിഎസ്പി എസ്പി സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വെല്ലുവിളി ശരിയായ രീതിയില്‍ നേരിടേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാണ്.