ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്നാണ് ധനസഹായം നല്‍കുമെന്ന അറിയിപ്പ് ലഭിച്ചിരിക്കുന്നത്. PMO India എന്ന ട്വിറ്റര്‍ പേജില്‍ ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 


പ്രധാനമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍ നിന്നുമാണ് സഹായം ലഭിക്കുക. കൂടാതെ, ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. 


ഡല്‍ഹി റാണി ഝാന്‍സി റോഡിലെ അനാജ് മണ്ടിയിലെ ആറു നില കെട്ടിടത്തിലെ ഫാക്ടറിയി പുലര്‍ച്ചെ 5:30ഓടെ തീപിടുത്തം ഉണ്ടായത്. 


സംഭവത്തില്‍ ഇതുവരെ 43 മരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ 55 ല്‍ അധികം പേരെ രക്ഷപെടുത്തുകയും 16 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.


പൊള്ളലേറ്റവരെ സമീപത്തുള്ള ആര്‍.എം.എല്‍ ഹോസ്പിറ്റല്‍, ഹിന്ദു റാവു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


പ്രദേശത്തെ ബാഗ് നിർമാണശാലയ്ക്കാണ് തീപിടുത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഒരു കെട്ടിടത്തിൽ നിന്ന് മറ്റ് കെട്ടിടങ്ങളിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. 


അഗ്നിശമനാ യൂണിറ്റുകൾ എത്തി രക്ഷാപ്രവർത്തനം നടത്തി. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.