നിയമാനുസൃതമായി അപേക്ഷിച്ചാല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറും: ആന്‍റിഗ്വ


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പു കേസിലെ പ്രതിയാണ് വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെന്ന്‍ അറിഞ്ഞിരുന്നെങ്കില്‍ പൗരത്വം നല്‍കാന്‍ തയ്യാറാകുമായിരുന്നില്ലെന്ന് ആന്‍റിഗ്വ വിദേശകാര്യ മന്ത്രി ഇ.പി. ഷെറ്റ് ഗ്രീനിന്‍റെ വെളിപ്പെടുത്തല്‍.


അതുകൂടാതെ, മെഹുല്‍ ചോക്‌സിയെ ഇന്ത്യക്കു കൈമാറുന്ന കാര്യത്തില്‍ നിയമാനുസൃതമായ എല്ലാ അപേക്ഷകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.


അതേസമയം, ചോക്സിയെ കൈമാറുന്നത് സംബന്ധിച്ച് ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയുമായി കരാറില്ലെങ്കിലും അപേക്ഷേ ലഭിച്ചാല്‍ അതു പരിഗണിക്കുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നിക്ഷേപത്തിലൂടെ ആന്‍റിഗ്വന്‍ പൗരത്വം നല്‍കുന്ന പദ്ധതിയുടെ വിശ്വാസ്യത ഉറപ്പുവരുത്താനാണിതെന്നും വ്യക്തമാക്കി.


മെഹുല്‍ ചോക്സി കരീബിയന്‍ ദ്വീപുരാജ്യമായ ആന്‍റിഗ്വയിലേയ്ക്ക് കടന്നതായി വാര്‍ത്ത പുറത്തു വന്നതോടെ സിബിഐ ആന്‍റിഗ്വ സര്‍ക്കാരിനോടു വിവരങ്ങള്‍ തേടിയിരുന്നു. ചോക്‌സി പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ അദ്ദേഹം ഇന്ത്യയിലെ വായ്പത്തട്ടിപ്പു കേസിലെ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇക്കാര്യത്തില്‍ സിബിഐയ്ക്ക് ലഭിച്ച മറുപടി. 


കരീബിയന്‍ ദ്വീപുരാജ്യമായ ആന്‍റിഗ്വയില്‍ പൗരത്വം ഉള്ളവര്‍ക്ക് 132 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാം. സ്വന്തം വ്യവസായം വികസിപ്പിക്കുന്നതിനായാണ് ആന്‍റിഗ്വ ആന്‍ഡ് ബര്‍ബുഡ രാജ്യത്തിലെ പൗരത്വം എടുത്തതെന്നാണ് ചോക്‌സിയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. കരീബിയയിലേക്ക് വ്യവസായം വികസിപ്പിക്കാമെന്നതും 132 രാജ്യങ്ങളില്‍ വിസ ഇല്ലാതെ യാത്ര ചെയ്യാമെന്നതുമായിരുന്നു ഈ നടപടിയ്ക്ക് പിന്നിലെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. 


അതേസമയം, ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരന്‍ മെഹുല്‍ ചോക്സിയാണെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.


വജ്ര വ്യാപാരി നിരവ് മോദിയും അമ്മാവന്‍ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങി എന്നതാണ് കേസ്.