ന്യൂഡല്‍ഹി: വാണിജ്യ ഇടപാടുകള്‍ക്കായി ബാങ്കുകള്‍ ജാമ്യച്ചീട്ട് കൊടുക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരോധിച്ചു. ജാമ്യച്ചീട്ട് ഉപയോഗിച്ച് വിദേശ ഇടപാട് നടത്തി 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് രത്നവ്യാപാരിയായ നീരവ് മോദിയും ബിസിനസ് പങ്കാളിയായ മെഹുല്‍ ചോക്സിയും തട്ടിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നിരോധനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിസര്‍വ് ബാങ്കിന്‍റെ ജാമ്യച്ചീട്ട് നിരോധന നടപടി ഉടനടി തന്നെ നടപ്പാക്കാനാണ് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് ആര്‍ബിഐ ഇന്ന് വിജ്ഞാപനം ഇറക്കി. 


പിഎന്‍ബി വായ്പാതട്ടിപ്പ് കേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി വരികയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും അനധകൃതമായി സംഘടിപ്പിച്ച ജാമ്യച്ചീട്ട് ഉപയോഗിച്ച് നീരവ് മോദിയുടെയും പങ്കാളികളുടെയും പേരിലുള്ള ഡയമണ്ട് ആര്‍ യു, സോളാര്‍ എക്‌സ്‌പോര്‍ട്‌സ്, സ്‌റ്റെല്ലാര്‍ ഡയമണ്ട്‌സ് എന്നീ കമ്പനികള്‍  വിദേശത്തുനിന്ന് ഇറക്കുമതിക്കായി ഹ്രസ്വകാല വായ്പ നേടിയെടുത്തു. വായ്പാതുകയോ അതിന്‍റെ പലിശയോ അടയ്ക്കാതെ നീരവ് മോദി രാജ്യം വിടുകയായിരുന്നു. ഈടില്ലാതെയായിരുന്നു നീരവ് മോദിയുടെ കമ്പനിക്ക് വായ്പ അനുവദിച്ചത്. പുതിയ വായ്പയ്ക്കായി നീരവ് പഞ്ചാബ് നാഷണല്‍ ബാങ്കിനെ വീണ്ടും സമീപിച്ചതാണ് വന്‍തട്ടിപ്പ് പുറത്തുവരാന്‍ കാരണമായത്.