ന്യൂഡല്‍ഹി: പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസില്‍ ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളിലെ സിഇഒമാര്‍ക്ക് സമന്‍സ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസാണ് സമന്‍സ് അയച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐസിഐസിഐ സിഇഒ ചന്ദ കൊച്ചാറിനും ആക്‌സിസ് ബാങ്ക് സിഇഒ ശിഖ ശര്‍മയ്ക്കുമാണ് സമന്‍സ്. എസ്എഫ്ഐഒയുടെ മുംബൈ ഓഫീസില്‍ ഹാജരാകണമെന്നാണ് ഇവര്‍ക്ക് നിര്‍ദ്ദേശം. 


ഐസിഐസിഐ ബാങ്കിന്‍റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് പ്രവര്‍ത്തന മൂലധനത്തിനായി 3,280 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഐസിഐസിഐ മാത്രം 405 കോടി രൂപയാണ് വായ്പ നല്‍കിയിരുന്നത്. ഈ കേസില്‍ വ്യക്തത തേടിയാണ് ബാങ്കുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്നും കേസില്‍ ഇവര്‍ പ്രതികളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


അതേസമയം, ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ആഭരണ വ്യാപാരി നീരവ് മോദിയുടെ അനധികൃത ഇടപാടുകളെക്കുറിച്ച് 2015ല്‍ത്തന്നെ അന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഇന്ത്യയിലെ എല്ലാ സാമ്പത്തിക വിഭാഗങ്ങള്‍ക്കും സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം (എഫ്.ഐ.യു) റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.