ന്യൂഡല്‍ഹി: ഹൈദരാബാദ് ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പോലീസ് നടപടിയില്‍ വേറിട്ട അഭിപ്രായവുമായി ബിജെപി നേതാവും എംപിയുമായ മീനാക്ഷി ലേഖി.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ സംഭവത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി ബിജെപി എംപിയായ മേനക ഗാന്ധി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടിയെ പിന്തുണച്ച്  മീനാക്ഷി ലേഖി പ്രതികരിച്ചിരിക്കുന്നത്. ലോക്സഭാ സമ്മേളനത്തിന്‍റെ ശൂന്യവേളയിലാണ് പോലീസ് നടപടിയെ ന്യായീകരിച്ച് മീനാക്ഷി ലേഖി രംഗത്തെത്തിയത്.


"പോലീസിന്‍റെ കൈയിലെ തോക്ക് കാണാനല്ല. പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിച്ചാൽ വെടിവയ്ക്കണം. ഇതിനാണ് അവര്‍ക്ക് ആയുധങ്ങൾ നൽകിയിരിക്കുന്നത്", മീനാക്ഷി ലേഖി പറ‍ഞ്ഞു.


അതേസമയം, കേന്ദ്ര കായിക വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും പോലീസ് നടപടിയെ ന്യായീകരിച്ചിരുന്നു.


വെറ്റിനറി ഡോക്ടറായ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ച സംഭവത്തില്‍ നാലു പ്രതികള്‍ ഇന്ന് പുലര്‍ച്ചെ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവം പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കേ പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഇതിനിടയില്‍ പോലീസ് വെടിവക്കുകയായിരുന്നുവെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. 


പോലീസിന്‍റെ ആയുധങ്ങള്‍ പിടിച്ചുവാങ്ങി ആക്രമണം നടത്താന്‍ ശ്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത പ്രതികളെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. 


എന്നാല്‍, ഈ ഏറ്റുമുട്ടല്‍ കൊലയില്‍ സംസ്ഥാനത്തെ ജനങ്ങളും സന്തോഷം പ്രകടിപ്പിക്കുകയാണ്. പോലീസ് വാഹനങ്ങള്‍ക്ക് നേരെ പുഷ്പവൃഷ്ടിയും കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പാലഭിഷേകവും സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് എത്തിച്ചേര്‍ന്ന ജനക്കൂട്ടം പോലീസിന് സിന്ദാബാദ് വിളിയ്ക്കുകയും പോലീസ് ഉദ്യോഗസ്ഥരെ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.


വെറ്ററിനറി ഡോക്ടറായ യുവതിയെ 27ന് ബുധനാഴ്ച രാത്രിയാണ് നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.