ന്യൂഡല്‍ഹി: ജൂൺ ഒന്നു മുതൽ വീട്ടിൽ ചെന്നുള്ള പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷൻ പാടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവ്. ജോയന്റ് സെക്രട്ടറി ആൻഡ് ചീഫ് പാസ്പോർട്ട് ഓഫീസറായ അരുൺ കെ. ചാറ്റർജി മെയ്‌ 21നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടില്‍ചെന്നുള്ള പരിശോധന കൈകൂലിയിലേക്കും ഒട്ടേറെ പരാതികളിലേക്കും നയിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം. കഴിഞ്ഞ ഒരു വര്‍ഷമായി പിന്തുടരുന്ന പോലെ വിലാസം രേഖപ്പെടുത്തുന്ന കോളത്തില്‍ താമസിക്കുന്ന വിലാസവും, കുടുംബ വിലാസവും നല്‍കേണ്ടതില്ല. ഏതെങ്കിലും ഒരു വിലാസം നല്‍കിയാല്‍ മതിയാകും. വിദ്യാർഥികളും മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും രണ്ട് വിലാസങ്ങളില്‍ പരിശോധന ഉണ്ടായിരുന്നത് പാസ്പോര്‍ട്ട്‌ ലഭിക്കാന്‍ കാലതാമസമുണ്ടാക്കിയിരുന്നു. ഈ തീരുമാനത്തോടെ അതൊരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.


പാസ്പോർട്ട് കേന്ദ്രം നൽകുന്ന അപേക്ഷയുടെ വിവരം അനുസരിച്ച് സ്റ്റേഷനുകളിൽ നിന്ന് തന്നെ പോലീസിന് റിപ്പോർട്ട് കൈമാറാം. അവസാന ഒരു വർഷത്തെ വിലാസം, ഫോട്ടോ, അപേക്ഷയിലെ വിവരങ്ങള്‍ എന്നിവ അന്വേഷിക്കേണ്ടതില്ല. പകരം അപേക്ഷകന്‍റെ ക്രിമിനൽ പശ്ചാത്തലം മാത്രം പരിശോധിച്ചാല്‍ മതി.


പാസ്പോർട്ട് സേവാകേന്ദ്രത്തിൽനിന്ന് തന്നെ ഫോട്ടോ എടുക്കുകയും രേഖകള്‍ അവിടെ തന്നെ പരിശോധിക്കുകയും ചെയ്യുന്നതിനാല്‍ രണ്ടാമതുള്ള പരിശോധന ആവശ്യമില്ലെന്നാണ് മന്ത്രാലയത്തിന്‍റെ തീരുമാനം.


എവിടെയാണോ താമസിക്കുന്നത് അവിടുത്തെ വിലാസത്തില്‍ ഇനി മുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. മാത്രമല്ല, താമസിക്കുന്ന മേൽവിലാസം നൽകുന്നതായിരിക്കും നല്ലത്. അപേക്ഷകൻ സ്ഥലത്തില്ലെങ്കിൽ അവിടെ എത്തിക്കാൻ പോസ്റ്റ്മാൻ തയ്യാറാകില്ല. ഇത് കാലതാമസത്തിന് കാരണമാകും.