ശ്രീനഗര്‍: പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചിരിക്കുന്നത്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപ്പെട്ട 2 ഭീകരില്‍ ഒരാള്‍ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്മാരില്‍ ഒരാളായ കാമ്രാന്‍ ആണെന്നാണ് സൂചന.  കൂടാതെ, ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം സ്ഫോടനം നടത്തി തകര്‍ക്കുകയും ചെയ്തു. കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ കൊല്ലപ്പെട്ടെങ്കിലും ഭീകരരുടെ ശരീരം ഇനിയും കണ്ടെടുത്തിട്ടില്ല, എന്നാണ് റിപ്പോര്‍ട്ട്. 


ജെയ്‌ഷെ കമാന്‍ഡര്‍ കമ്രാനും ഗാസിയുമാണ് ഭീകരാക്രമണത്തിന് കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചത്. പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്തത് കമ്രാനായിരുന്നു.


എന്നാല്‍, ഇക്കാര്യത്തില്‍ സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. 


അതേസമയം, ഞായറാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം 4 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.  ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ സേനയ്ക്കുനേരെയുണ്ടായ വെടിവയ്പിലാണ് ദുരന്തം സംഭവിച്ചത്. ഇതേതുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.