ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാഹുല്‍ ഗാന്ധി സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നും പേഴ്‌സണല്‍ സെക്രട്ടറിയെ മാത്രമാണ് കൂടെ കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ രാഹുലിന്‍റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ അക്രമണത്തെ കുറിച്ച് ലോക്‌സഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുലിന്‍റെ സന്ദര്‍ശനത്തിന് മുമ്പുതന്നെ എസ്.പി.ജി ഉദ്യോഗസ്ഥര്‍ വേണ്ട സുരക്ഷ ഒരുക്കിയിരുന്നതായി രാജ്‌നാഥ് സിങ് സഭയെ അറിയിച്ചു. 200 അംഗ പോലീസ് സംഘത്തെ ഇതിനായി നിയോഗിച്ചിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനവും ഒരുക്കി.  എന്നാല്‍, ബുള്ളറ്റ് പ്രൂഫ് വാഹനമായിരുന്നില്ല രാഹുല്‍ ഉപയോഗിച്ചത്. എസ്.പി.ജി സുരക്ഷയുള്ള ആള്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ തന്നെ ഉപയോഗിക്കണമെന്നും രാഹുല്‍ എസ്പിജിയുടെ നിര്‍ദേശം അനുസരിച്ചില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ആറ് തവണ വിദേശ പര്യടനം നടത്തിയ രാഹുല്‍ 72 ദിവസവും പുറത്തായിരുന്നു. അന്നൊന്നും രാഹുലിന് എസ്പിജി സുരക്ഷ വേണ്ടായിരുന്നു. അദ്ദേഹം എവിടെ പോയിരുന്നെന്നും എന്തുകൊണ്ട് അദ്ദേഹത്തിന് എസ്പിജി സുരക്ഷ വേണ്ടിയിരുന്നില്ലെന്നും തങ്ങള്‍ക്കറിയണമെന്നും രാജ്‌നാഥ് പറഞ്ഞു.  അതേസമയം രാഹുലിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്ത ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിനെ അനുമോദിക്കാനും രാജ്‌നാഥ് മറന്നില്ല.


കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗേയാണ് ലോക് സഭയില്‍ വിഷയം ഉന്നയിച്ചത്. രാഹുലിന്‍റെ ജീവന്‍ അപകടത്തിലാണെന്നു കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആരോപിച്ചു. ബഹളത്തെത്തുടര്‍ന്നു സഭ പ്രക്ഷുബ്ധമാകുകയും സ്പീക്കര്‍ സുമിത്രാ മഹാജന്‍ അര മണിക്കൂര്‍ നേരം സഭ നിര്‍ത്തിവച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.  


ആഗസ്റ്റ് നാലിനാണ് ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞത്‌.