ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. രണ്ടു ദിവസത്തെ പര്യടനത്തിനായി മാര്‍ച്ച് 13ന് കേരളത്തിലെത്തുമെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. 14ന് രാവിലെ 10 മണിക്ക് രാഹുല്‍ ഗാന്ധി തൃശ്ശൂര്‍ തൃപ്പയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ സംബന്ധിക്കും. 


തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യുവരിച്ച വയനാട് സ്വദേശിയായ വീരസൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. അതിനുശേഷം രാഹുല്‍ഗാന്ധി പെരിയയില്‍ സി.പി.എം അക്രമികള്‍ കൊലപ്പെടുത്തിയ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടംബാംഗങ്ങളെ സന്ദര്‍ശിക്കും.


വൈകുന്നേരം മൂന്നുമണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ ജില്ലകളുടെ ജനമഹാറാലിയെ അഭിസംബോധന ചെയ്യുകയും ചെയ്യും. കോഴിക്കോട്, തൃശ്ശൂര്‍, വയനാട്, കാസര്‍കോട് ഡി.സി.സി അധ്യക്ഷന്‍മാരുടെ മേല്‍ നേട്ടത്തില്‍ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കയാണ്. 


കെ.പി.സി.സി പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടിമാരായ മുകള്‍ വാസനിക്, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വര്‍ക്കിംഗ് പ്രിഡന്റുമാര്‍,എം.എല്‍.എമാര്‍, എം.പിമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.