ചണ്ഡിഗഢ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനായി കോടതി വിധിച്ചതിന് പിന്നാലെ റഹീം ഭക്തറുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടറുടെ രാജിക്കായി സമ്മര്‍ദം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി എന്ന നിലയില്‍ ഘട്ടറുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.


മണിക്കൂറുകളോളം സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിട്ടും സര്‍ക്കാരിന് കൃത്യമായി ഇടപെടാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനം എല്ലാ കോണില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഘട്ടറുടെ രാജിയ്ക്കായി സമ്മര്‍ദ്ദമേറുകയാണ്. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന കോണ്‍ഗ്രസും ആവശ്യപ്പെട്ടുകഴിഞ്ഞു.


വീഴ്ച ഗുരുതരം


ഗുര്‍മീതിന്‍റെ അനുയായികള്‍ക്ക് തടിച്ചുകൂടാന്‍ അവസരം നല്‍കിയത് ഏറ്റവും വലിയ വീഴ്ചയായി. വിധി പ്രഖ്യാപനം കാലേക്കൂട്ടി അറിഞ്ഞിട്ടും ജനക്കൂട്ടം സംഘടിക്കുന്നത് നിയന്ത്രിക്കാനോ അവരെ നേരിടാനുള്ള മുന്‍കരുതലോ സ്വീകരിക്കുന്നതില്‍ ഘട്ടര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.


ഗുരുതരമായ സാഹചര്യം മുന്‍കൂട്ടി കണ്ട് ആളുകള്‍ കൂട്ടം കൂടുന്നത് തടയാന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ഭരണകൂടം വൈകി. അക്രമ പരമ്പര അരങ്ങേറിയ ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമങ്ങളും കൊള്ളിവെപ്പും നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരന്വേഷണത്തിന് പോലും ഉത്തരവിടാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഘട്ടറിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.


അതേസമയം ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനാണെന്ന് വിധിച്ച ജഡ്ജിക്ക് ഉയർന്ന തലത്തിലുള്ള സുരക്ഷയൊരുക്കാൻ കേന്ദ്രം നിർദേശം നല്‍കി. സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് ശിക്ഷ വിധിച്ചത്. ഇതു സംബന്ധിച്ച നിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹരിയാന സർക്കാരിന് നൽകി.


സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ സുരക്ഷാച്ചുമതല ഏറ്റെടുക്കണോയന്ന് രഹസ്യാന്വേഷണ സൂചനകൾ വിലയിരുത്തിയശേഷം ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനം എടുക്കും. അതേസമയം, കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ റാം റഹിം 'സെഡ്' കാറ്റഗറി സുരക്ഷയുള്ളയാളാണ്.