തിരുവനന്തപുരം: മുന്‍ഗണന പട്ടികക്കാര്‍ മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അര്‍ഹര്‍ക്ക് സൗജന്യറേഷന്‍ നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് റേഷന്‍ റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ഗണനാപട്ടികയില്‍ ഉണ്ടായിട്ടും തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കുമെന്നും പിറകിലുള്ളവര്‍ പട്ടികയിലെത്തുമെന്നും കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. 


കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച്‌ സംസ്ഥാനത്ത് 1,54,80,042 പേര്‍ക്കാണ് സൗജന്യറേഷന് അര്‍ഹതയെങ്കിലും കേരളം തയാറാക്കിയ മുന്‍ഗണനാപട്ടികയില്‍ ലക്ഷക്കണക്കിന് അനര്‍ഹരാണ് കടന്നു കൂടിയിരിക്കുന്നത്. ഇവരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.


സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം സൗജന്യറേഷന് അര്‍ഹതയുള്ളവരില്‍ 80 ശതമാനം ആളുകള്‍ മാത്രമാണ് റേഷന്‍ കൈപ്പറ്റുന്നത്. റേഷന്‍ വാങ്ങാതെ ചികിത്സാ സൗകര്യമടക്കം മറ്റ് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന ബാക്കി 20 ശതമാനം അനര്‍ഹരെ കണ്ടെത്താനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇവരെ കണ്ടെത്തി പുറത്താക്കിയാല്‍ അര്‍ഹരായ 20 ശതമാനം പേരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. 


മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും റേഷന്‍ വാങ്ങാത്തവരാണെങ്കില്‍ അവരുടെ കാര്‍ഡ് റദ്ദാക്കില്ല. പകരം ഇവരുടെ റേഷന്‍ അര്‍ഹര്‍ക്ക് വീതിച്ച്‌ നല്‍കും. 


എ.എ.വൈ കാര്‍ഡുകാര്‍ക്ക് (മഞ്ഞ) 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും മുന്‍ഗണന കാര്‍ഡുകാര്‍ക്ക് (പിങ്ക്) ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് സൗജന്യമായി നല്‍കുന്നത്. 20 ശതമാനം പേര്‍ സൗജന്യ റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് മുന്‍ഗണനേതര വിഭാഗത്തില്‍പെട്ടവരുടെ (വെള്ള) റേഷന്‍ വിഹിതം വര്‍ധിപ്പിക്കാനുള്ള നീക്കവും ഭക്ഷ്യ വകുപ്പിന്‍റെ പരിഗണനയിലുണ്ട്.