ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ആക്രമണം അനിവാര്യ ഘട്ടത്തിലായിരുന്നുവെന്നും. തുടര്‍ച്ചയായ ചാവേര്‍ ആക്രമണങ്ങള്‍ ജയ്‌ഷെ ആസൂത്രണം ചെയ്തിരുന്നതുകൊണ്ടാണ് തിരിച്ചടി അനിവാര്യമായതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാലകോട്ടിലെ ജയ്‌ഷെ ക്യാമ്പുകള്‍ ആക്രമിച്ചു. നിരവധി ഭീകരരെ ഇല്ലാതാക്കി. ക്യാമ്പുകള്‍ ഉണ്ടായിരുന്നത് വനത്തിലായിരുന്നുവെന്നും ജനവാസ മേഖലയിലല്ലായിരുന്നുവെന്നും ഗോഖലെ പറഞ്ഞു. ആക്രമണത്തില്‍ മുതിര്‍ന്ന ജയ്‌ഷെ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അസ്ഹറിന്റെ ഉറ്റബന്ധുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് ഗോഖലെ പറഞ്ഞു.


അതേസമയം, വെറും 21 മിനിറ്റ് കൊണ്ടാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്ക് അധിനിവേശ കശ്മീരിലെ മൂന്നു ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയത്. ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാമ്പുകളിലാണ് 1000 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.


മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകര്‍ത്തത്. മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം. ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു.


ഇന്ത്യ വിട്ടയച്ച പാക് ഭീകരനായ മൗലാന മസൂദ് അസര്‍ 2001-ല്‍ സ്ഥാപിച്ചതാണ് ബാലാക്കോട്ടിലെ ജയ്ഷെ പരിശീലന ക്യാമ്പ്. ജമ്മു കശ്മീര്‍ നിയമസഭാ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ ഇന്ത്യക്കെതിരായ നിരവധി നീക്കങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത് ഈ ക്യാമ്പില്‍ നിന്നായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ഇന്ത്യന്‍ വിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് ആയുധങ്ങള്‍ വര്‍ഷിച്ചുവെന്ന് പാക്കിസ്ഥാന്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. അതേസമയം, പാക് പ്രത്യാക്രമണ സാധ്യത മുന്‍നിര്‍ത്തി വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പാക്കിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ശക്തിയോടെ ചെറുക്കാനാണ് നിര്‍ദ്ദേശം.