ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരിലെ റിപ്പബ്ലിക്ദിന ആഘോഷ ചടങ്ങുകള്‍ക്കിടയില്‍ വനിതാ ചാവേറിനെ ഉപയോഗിച്ച് ഭീകരാക്രമണം നടത്തുമെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലാണ് സൈന്യവും പൊലീസും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാശ്മീര്‍ ഇൻസ്പെക്റ്റർ ജനറലിന്‍റെ ഓഫീസിൽ നിന്ന് എല്ലാ ജില്ലാ പൊലീസ് ആസ്ഥാനത്തേക്കും ഇത് സംബന്ധിച്ച് അറിയിപ്പ് എത്തിച്ചിട്ടുണ്ട്. കാശ്മീരിലെ മറ്റ് സുരക്ഷാ വിഭാഗം മേധാവികള്‍ക്കും ഓഫീസർമാര്‍ക്കും സന്ദേശമയച്ചു. 


സെക്യൂരിറ്റി വിഭാഗം മേധാവിയുടെ കത്തില്‍ പറയുന്നത് പ്രകാരം പതിനെട്ട് വയസ്സുള്ള കാശ്മീരിയല്ലാത്ത  ഒരു വനിതാ ചാവേര്‍ ആക്രമണത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ്. റിപ്പബ്ലിക്ദിന പരേഡ് നടക്കുന്നിടത്തോ അല്ലെങ്കിൽ അതിന്‍റെ സമീപ പ്രദേശങ്ങളിലോ ചാവേറാക്രമണം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


സംശയാതീതമായി തോന്നുന്ന സ്ത്രീകളെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാനും എല്ലാ വേദികളിലും ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാനും സുരക്ഷാ മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. വിരുദ്ധ ശക്തികളെ യാതൊരു കാരണവശാലും പരിപാടികള്‍ തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കാശ്മീരിലെ ഈ വർഷത്തെ റിപ്പബ്ലിക്ദിന ചടങ്ങുകൾ ഷേര്‍ ഇ-കാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബക്ഷി സ്റ്റേഡിയത്തിലായിരുന്നു ആഘോഷങ്ങള്‍ നടന്നിരുന്നത്. ബക്ഷി സ്റ്റേഡിയം പുനരുദ്ധാരണത്തിനായി അടച്ചിട്ടിരിക്കുന്നതിനാലാണ് ഷേര്‍ ഇ-കാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ആഘോഷങ്ങള്‍ മാറ്റിയത്. റിപ്പബ്ലിക്ദിന പരേഡിന്‍റെ റിഹേഴ്സല്‍ നടക്കുന്നതിനാല്‍  സ്റ്റേഡിയത്തിന് ചുറ്റുമുള്ള മുഴുവന്‍ സ്ഥലവും പൊലീസ് സംരക്ഷണത്തിലുമാണ്.