ന്യൂഡല്‍ഹി: കറന്‍സി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോക്താക്കളെ പിഴിയാനോരുങ്ങി സ്വകാര്യ ബാങ്കുകള്‍. മാസത്തില്‍ നാലു തവണ കഴിഞ്ഞുള്ള ഓരോ ഇടപാടിനും 150 രൂപ വീതം ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്കുകളാണ് പുതിയ ചാര്‍ജ് ഏര്‍പ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എച്ച്ഡിഎഫ്സി ബാങ്കിന്‍റെ തീരുമാനമനുസരിച്ച്, ഹോം ബ്രാഞ്ചിൽനിന്ന് നാലു തവണ പണമിടപാടു നടത്തുന്നതിനു സർവീസ് ചാർജ് നൽകേണ്ടതില്ല. എന്നാൽ അതിനുശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താവ് 150 രൂപ വീതം നൽകേണ്ടതായി വരും. എന്നാൽ കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകൾക്ക് ഇതു ബാധകമല്ല.


ഒരാള്‍ക്ക് സേവിംഗ്/സാലറി അക്കൗണ്ടുകളില്‍ നിന്ന് മാസത്തില്‍ രണ്ടു ലക്ഷം രുപ വരെ പിന്‍വലിക്കാം. ഇതില്‍ കൂടുതന്‍ തുക പിന്‍വലിക്കുമ്പോള്‍ ഓരോ 1000 രൂപയ്ക്കൂം അഞ്ചു രൂപ വീതം ചാര്‍ജ് നല്‍കണം. തേര്‍ഡ് പാര്‍ട്ടി കാഷ് ട്രാന്‍സാക്ഷനുകള്‍ പ്രതിദിനം 25,000 രൂപയാണ്. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ചാര്‍ജ് ഈടാക്കിയിരുന്നത്. മറ്റ് ബ്രാഞ്ചുകളിലെ ഇടപാടുകള്‍ക്ക് 25,000 രൂപവരെ ചാര്‍ജില്ല. അതില്‍ കൂടുതല്‍ ഇടപാട് വന്നാല്‍ ചാര്‍ജ് ഉണ്ടാകും


ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും ഈടാക്കുന്ന സർവീസ് ചാർജുകളിൽ മാറ്റമില്ലെങ്കിലും പരിധികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് പുറത്തെ ഇടപാടുകൾ ദിവസം 50,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആക്സിസ് ബാങ്ക് ഹോം ബ്രാഞ്ചിൽനിന്ന് ഒരുമാസം ഒരുലക്ഷം രൂപയുടെ ഇടപാടുകൾ മാത്രമാണ് നടത്താനാകുക.