മുംബൈ: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ നടത്തിയ പരാമശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. 2 വര്‍ഷത്തെ തടവ്‌ വരെ ലഭിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്‍എസ്‌എസ് സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ ഭിവണ്ടി കോടതി ഐപിസി 499, 500 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ്‌ കുണ്ടേ നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധി. 



എന്നാല്‍ കോടതിയില്‍ ഹാജരായ രാഹുല്‍ താന്‍ കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിച്ചു. 


മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസ്സുകാരാണെന്ന് പ്രസംഗിച്ചതിനാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ആര്‍എസ്‌എസിന്‍റെ കീര്‍ത്തി കളങ്കപ്പെടുത്തിയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. 


കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 


കേസില്‍ മുന്‍പ് വാദം കേട്ട കോടതി ഒരു സംഘടനയെ കൂട്ടത്തോടെ അക്ഷേപിക്കാന്‍ പാടില്ലായിരുന്നുവെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ഖേദം പ്രകടിപ്പിക്കാന്‍ വിസമ്മതിച്ച രാഹുല്‍ ഗാന്ധി വിചാരണ നേരിടാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.


2016 നവംബറിൽ രാഹുലിന് കോടതി ജാമ്യം നൽകിയിരുന്നു. ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് രാഹുല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയും ഭീവണ്ടി കോടതിയില്‍ ഹാജരായി ജാമ്യമെടുക്കുകയുമായിരുന്നു. 


ഏപ്രില്‍ 23ന് രാഹുലിന് പകരം അഭിഭാഷകന്‍ ഹാജരായെങ്കിലും ജൂൺ 12-ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. 


2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധി ആർ.എസ്.എസിനെതിരെ ആരോപണം ഉന്നയിച്ചത്. "ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആള്‍ക്കാര്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ്" എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.