ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും ക്ഷണിച്ചേക്കുമെന്ന് സൂചന. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബര്‍ 17നും 19നും ഇടയ്ക്ക് നടക്കുന്ന പരിപാടിയില്‍ രാഹുലിനെ കൂടാതെ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചേക്കുമെന്നാണ് സൂചന. 


സെപ്റ്റംബര്‍ 17ന് നരേന്ദ്ര മോദിയുടെ ജന്മദിനമാണ് അതുകൊണ്ട് തന്നെ അന്ന് ക്ഷണിക്കാനാണ് സാധ്യത.  ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടി 'ഭാവിയിലെ ഇന്ത്യ' എന്ന വിഷയത്തിലുള്ളതാണ്. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. മോഹന്‍ ഭാഗവതിനെ ചോദ്യം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേയ്ക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 


മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത് കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസിനെതിരെ നിരന്തരം രൂക്ഷ വിമര്‍ശം ഉന്നയിക്കുന്ന രാഹുലിനെയും അവര്‍ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുന്നത്.