കൊച്ചി: തുടര്‍ച്ചയായ ഇടിവുകള്‍ക്കൊടുവില്‍ വെള്ളിയാഴ്ച രൂപ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ചത്തെ നഷ്ടത്തിനു ശേഷം ഡോളര്‍ ഇന്ന്  ആറ് പ്രധാന കറൻസികൾക്കെതിരെ കരുത്താർജിച്ചിട്ടുണ്ട്. 56 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം  67.78 എന്ന നിലയിലെത്തി.  2017 മാര്‍ച്ച് 14-ന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 


എന്നാല്‍, വ്യാപാരത്തിനിടെ 67.70 എന്ന നിലവാരം വരെയെത്തിയിരുന്നു. ഓഹരി വിപണിയിലെ മുന്നേറ്റവും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതുമാണ് രൂപയ്ക്ക് കരുത്തായത്. അതുകൂടാതെ ആഭ്യന്തര വിപണികളിലെ മുന്നേറ്റവും രൂപയ്ക്ക് തുണയായി. സെൻസെക്സ് 261 പോയിന്റു൦ നിഫ്റ്റി 91 പോയിന്റും ഉയര്‍ന്നിരുന്നു.


കഴിഞ്ഞ ബുധനാഴ്ച രൂപയുടെ മൂല്യം 68.33 എന്ന നിലയിലായിരുന്നു. 2016 നവംബറിലാണ് രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍ എത്തിയത്.


ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് രൂപയുടെ മൂല്യത്തെ കൂടുതല്‍ താഴ്ത്തുമെന്ന് വിദേശനാണ്യ വിപണിയിലുള്ളവര്‍ വിലയിരുത്തുന്നു. 2014 നവംബറിനു ശേഷം യു.എസ്. എണ്ണവില ബാരലിന് 70 ഡോളറോളം ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ എണ്ണ ഉപഭോഗത്തിന്‍റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നത് രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കുന്നു.


കൂടാതെ ഇന്ത്യയില്‍ നിന്ന് നിക്ഷേപകര്‍ മൂലധനം വിറ്റൊഴിയുന്നതും രൂപയ്ക്ക് തിരിച്ചടിയാവുന്നുണ്ട്. കയറ്റുമതിക്കാര്‍ക്കും പ്രവാസികള്‍ക്കും രൂപയുടെ മൂല്യം ഇടിയുന്നത് ഗുണകരമാണ്. രൂപയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വരുമാനം കിട്ടുമെന്നതാണ് കാരണം. 


ഇന്ത്യയെ സംബന്ധിച്ചിടത്തോളം കയറ്റുമതി വരുമാനത്തെക്കാള്‍ ഇറക്കുമതിച്ചെലവ് കൂടുതലുള്ള രാജ്യമായതിനാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് നമ്മുടെ സമ്പദ്ഘടനയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കും. കാരണം രൂപയുടെ മൂല്യം കുറയുന്നതോടെ ഇറക്കുമതി കൂടുതല്‍ ചിലവേറിയതായി മാറും. എണ്ണ പോലുള്ള ഒഴിവാക്കാനാവാത്ത വസ്തുക്കളുടെ ഇറക്കുമതി തുടരുന്നത് ധനക്കമ്മി വര്‍ധിപ്പിക്കും. ചുരുക്കത്തില്‍ എണ്ണ ഇറക്കുമതി ചെലവേറിയതായി മാറുമ്പോള്‍ ഗതാഗതച്ചെലവും ഉയരുന്നതിനാല്‍ അനുബന്ധ സാധനങ്ങള്‍ക്കും വില ഉയരുമെന്ന് സാരം.