ന്യൂഡല്‍ഹി: കന്നിപ്രസംഗം രാജ്യസഭയിൽ സാധ്യമാകാതെ പോയതിന്‍റെ ക്ഷീണം ഫേസ്ബുക്കിലൂടെ തീര്‍ത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് തന്‍റെ പ്രസംഗവുമായി സച്ചിന്‍ എത്തിയത്.  സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സച്ചിന്‍റെ പ്രസംഗം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ചു വർഷത്തിനിടെ ആദ്യമായി രാജ്യസഭയിൽ പ്രസംഗിക്കാൻ എഴുന്നേറ്റ സച്ചിന് വ്യാഴാഴ്​ച പ്രതിപക്ഷ ബഹളം മൂലം രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സാധിച്ചിരുന്നില്ല.ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനുമായി ചേർന്ന് കോൺഗ്രസ് ഉപജാപം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ബഹളം വച്ചതോടെയാണ് പ്രസംഗം തടസ്സപ്പെട്ടത്.


ഇന്നലെ ചില കാര്യങ്ങൾ (സഭയിൽ) പറയണമെന്നുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല എന്ന മുഖവുരയോടെയാണ് സച്ചിൻ തുടങ്ങിയത്. ‘കളികൾ ഇഷ്ടപ്പെടുന്ന രാജ്യം എന്ന നിലയിൽനിന്നു കളിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക എന്നതാണ് ആഗ്രഹം. ശാരീരികക്ഷമതയ്ക്ക് പ്രഥമ പരിഗണന കൊടുക്കണം. യൗവ്വനവും വികസനവുമുള്ള രാജ്യമെന്ന നിലയ്ക്ക് ഫിറ്റ്നസ് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും കായിക ഇനത്തിൽ സജീവമാകുന്നത് ഈ ലക്ഷ്യം നേടാൻ സഹായിക്കും. ഇതാണ് എന്റെ സ്വപ്നം. ഇത് നമ്മുടെ ഏവരുടെയും സ്വപ്നമാകണം. ഓർക്കുക, സ്വപ്നങ്ങളാണ് യാഥാർഥ്യമാകുക. ജയ്ഹിന്ദ്– സച്ചിൻ പറഞ്ഞു. വിഡിയോയുടെ മുഖവുരയായും ഈ വാചകങ്ങൾ ചേർത്തിട്ടുണ്ട്.


‘ഞാൻ സ്പോർട്സ് ഇഷ്ടപ്പെടുന്നു. ക്രിക്കറ്റായിരുന്നു എന്റെ ജീവിതം. എന്റെ പിതാവ് പ്രഫ. ഉമേഷ് തെൻഡുൽക്കർ സാഹിത്യകാരനായിരുന്നു. എന്തുവേണമെങ്കിലും ജീവിതത്തിൽ തിരഞ്ഞെടുക്കാൻ അദ്ദേഹം സ്വാതന്ത്ര്യവും പിന്തുണയും നൽകി. കളിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്മാനം. അത് കളിക്കാനുള്ള അവകാശം കൂടിയായിരുന്നു. ആരോഗ്യമുള്ള ഇന്ത്യയാണ് എന്റെ ലക്ഷ്യം. ലോകത്തിൽ പ്രമേഹത്തിന്റെ തലസ്ഥാനമാണ് ഇന്ത്യ. 75 ദശലക്ഷം പേരാണ് പ്രമേഹത്തോടു മല്ലിടുന്നത്.


‘അമിതവണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ മൂന്നാമതാണ് നമ്മൾ. ഇതുപോലുള്ള രോഗങ്ങളെ തുടർന്നുള്ള സാമ്പത്തിക ബാധ്യത രാജ്യത്തിന്റെ പുരോഗതിക്കു തടസ്സമാണ്. പലപ്പോഴും ഭക്ഷണത്തിനു മുന്നിൽ നമ്മൾ കായികക്ഷമതയെ ഒഴിവാക്കുന്നു. ഈ ശീലം മാറണം. നമ്മളിൽ കൂടുതൽപേരും ഇതെല്ലാം ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ യാഥാർഥ്യത്തോടടുക്കുമ്പോൾ ഒന്നും ചെയ്യുന്നില്ല. രാജ്യത്തെ കായിക സംസ്കാരം കൂടുതലാളുകളെ ഉൾക്കൊള്ളിച്ച് സജീവമാക്കി വികസിപ്പിക്കേണ്ടതുണ്ട്.



‘വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മികച്ച കായിക സംസ്കാരമുണ്ട്. ജനസംഖ്യയുടെ നാല് ശതമാനമേ ഉള്ളൂവെങ്കിലും അവരുടെ കായിക താൽപര്യം ആകർഷകമാണ്. ബോക്സിങ് താരം മേരി കോം, ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ, മിരാഭായ് ചാനു, ദീപ കർമാകർ ഉൾപ്പെടെ എത്രയോ കായികതാരങ്ങളെ അവർ സംഭാവന ചെയ്തിരിക്കുന്നു’– 15.30 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ സച്ചിൻ വിശദീകരിച്ചു.