ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് ഉത്തരവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യസ്ഥ ചര്‍ച്ചയ്ക്കായി മൂന്നംഗ സംഘത്തെ നിയോഗിച്ചു. മുന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലാണ് സമിതി. ശ്രീശ്രീ രവിശങ്കറും ശ്രീറാം പാഞ്ചുവും സംഘത്തിലുണ്ട്.


അതേസമയം, മധ്യസ്ഥ സംഘത്തിലേക്കുള്ള അംഗങ്ങളെ കഴിഞ്ഞ ദിവസം കക്ഷികള്‍ നിര്‍ദേശിച്ചിരുന്നു. മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.എസ് ഖേഹാര്‍ എന്നിവരുടെ പേരുകളാണ് ഹിന്ദുമഹാസഭ നല്‍കിയത്. സുപ്രീംകോടതി ജഡ്ജിമാരായിരുന്ന കുര്യന്‍ ജോസഫിനെയും എ.കെ.പട്നായിക്കിനെയുമാണ് നിര്‍മോഹി അഖാഡ നിര്‍ദേശിച്ചത്.


ഭൂമി തര്‍ക്കം മതപരവും വൈകാരികവുമായ വിഷയമായതിനാല്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നാണ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം കക്ഷികളുടെ വാദം സുപ്രിംകോടതി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. ഈ മധ്യസ്ഥത നീക്കത്തിന് കോടതി മേല്‍ നോട്ടം ഉണ്ടാകും എന്നതിനാല്‍ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ലിം കക്ഷികള്‍ അനുകുലിച്ചിരുന്നു.


ഉത്തരവിന് മുന്‍പ് മധ്യസ്ഥയെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി നോട്ടീസ് ഇറക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.