ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഒഴിവ് വന്ന രണ്ടു സീറ്റുകളില്‍ രണ്ടു ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂണ്‍ 24 തിങ്കളാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ കോണ്‍ഗ്രസ്‌ നേതാവ് പരേഷ്ഭായി ധനാനി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടത്.


അമിത് ഷായും, സ്മൃതി ഇറാനിയും ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്‍ ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വന്നു. ഈ രണ്ടു സീറ്റുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.


എന്നാല്‍ രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് മാത്രമേ പ്രാതിനിധ്യം ഉണ്ടാവുകയുള്ളൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ്‌ നേതാവ് ഹര്‍ജി നല്‍കിയത്.


ഒരേ ദിവസം തിരഞ്ഞെടുപ്പ് നടത്തിയാല്‍ നിലവിലെ നിയമസഭയിലെ അംഗസഖ്യ അനുസരിച്ച് കോണ്‍ഗ്രസിനും, ബിജെപിക്കും ഓരോ സീറ്റ് ലഭിക്കും മറിച്ച് രണ്ടു ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ സഭയില്‍ ഭൂരിപക്ഷമുള്ള ബിജെപി രണ്ട് സീറ്റും നേടും.


കമ്മീഷന്‍റെ വിശദീകരണം തിങ്കളാഴ്ച ലഭിച്ചതിനുശേഷം ചൊവ്വാഴ്ച്ച ഹര്‍ജി വീണ്ടും പരിഗണിക്കും.