ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകള്‍ പള്ളികളില്‍ കയറുന്നതിന് തടസ്സം ആരാണെന്ന് ചോദിച്ച സുപ്രീം കോടതി ഇത് സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ വഖഫ് ബോര്‍ഡ്‌, മുസ്ലിം വ്യക്തിനിയമ ബോര്‍ഡുകള്‍ എന്നിവയ്ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് പരിഗണിച്ച കോടതി ശബരിമല വിധിയുള്ളത് കൊണ്ടാണ് ഈ കേസ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുകയും ആരാധനാലയങ്ങള്‍ക്കെതിരെ ഭരണഘടനയുടെ പതിനാലാമത് അനുച്ഛേദം ഉപയോഗിക്കാന്‍ കഴിയുമോയെന്ന് ചോദിക്കുകയും ചെയ്തു. ജസ്റ്റിസ്‌ എസ്‌.എ.ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


മഹാരാഷ്ട്ര സ്വദേശികളായ യസ്മീജ് സുബെർ അഹമ്മദ് പീർസാദെ, സുബെർ അഹമ്മദ് പീർസാദെ മുസ്ലിം ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 
 
സ്തീകളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും സ്തീകളെ പള്ളികളില്‍ പ്രവേശിപ്പിക്കരുതെന്ന് പ്രവാചകന്‍ മുഹമ്മദ്‌ നബിയോ വിശുദ്ധ ഖുറാനോ ഒരിടത്തും പറയുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. 


ഖുറാന്‍ സ്ത്രീ പുരുഷ വിവേചനത്തെ സാധൂകരിക്കുന്നില്ലെന്നും അതില്‍ വിശ്വാസത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും എന്നാല്‍ ഇസ്ലാം ഒരു സ്ത്രീ വിരുദ്ധ മതമായി മാറിയിരിക്കുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.


നിലവിൽ ചില ജമാ അത്തെ ഇസ്ലാമി പള്ളികളിലും മുജാഹിദ് ആരാധനാലയങ്ങളിലും മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനവും ആരാധനയ്ക്ക് അനുവാദവുമുള്ളത്. പ്രബലമായ സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളിൽ സ്ത്രീകൾക്ക് വിലക്കുണ്ട്.


വിഷയം പരിഗണിച്ചപ്പോള്‍ തുല്യതാ അവകാശം ഈ വിഷയത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി തുല്യരായി പരിഗണിക്കണമെന്ന് മറ്റൊരാളോട് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോയെന്നും ചോദിച്ചു. മാത്രമല്ല മക്കയിലും മദീനയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എന്ത് നിയമമാണെന്നും കോടതി ആരാഞ്ഞു.


കേന്ദ്ര വഖഫ് കൗൺസിൽ, മുസ്ലീം വ്യക്തിനിയമ ബോർഡ് എന്നിവ ഉൾപ്പെടെ ആറു പേരാണ് ഈ കേസിലെ എതിർകക്ഷികൾ.