ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ആസാറാം ബാപ്പുവിന്‍റെ ഇടക്കാല ജാമ്യാപേക്ഷ അഭിഭാഷകന്‍ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആസാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസില്‍ വിചാരണ ഇഴയുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിനെ സുപ്രീംകോടതിവിമര്‍ശിച്ചിരുന്നു. ഇത് അടിയന്തിരമായി പരിഗണിച്ച് സമയബന്ധിതമായി മുന്നോട്ടു പോവാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ കേസില്‍ നിരവധി തവണ സുപ്രീംകോടതി ആസാറാമിന്‍റെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞിരുന്നു.


രാഷ്ട്രീയക്കാരടക്കം ഒട്ടേറെ അനുയായികളുള്ള 76-കാരനായ ആസാറാം 2013-ലാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത ശിഷ്യയായിരുന്നു പരാതിക്കാരി. പിന്നീട് മറ്റൊരു ശിഷ്യയും അദ്ദേഹത്തിനെതിരേ രംഗത്തെത്തി. ആസാറാമിനെതിരായ കേസുകളില്‍ സാക്ഷിയായ മൂന്നുപേര്‍ ഇതിനിടെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു.


സൂറത്തില്‍ നിന്നുള്ള രണ്ട് സഹോദരിമാരും ആസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ പരാതി നല്കി. അന്യായമായി തടഞ്ഞുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു പരാതിയിലുള്ളത്. 2001 മുതല്‍ 2006 വരെ അഹമ്മദാബാദിലെ ആശ്രമത്തില്‍ തുടര്‍ച്ചയായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു ഇതില്‍ മൂത്ത പെണ്‍കുട്ടിയുടെ പരാതി.


മറ്റൊരു ബലാത്സംഗക്കേസില്‍ നാരായണ്‍ സായിയും ജയിലിലാണ്. സൂറത്തിലെ ആശ്രമത്തില്‍വെച്ച് 2002 മുതല്‍ 2006 വരെ പീഡിപ്പിച്ചെന്നാണ് കേസ്. 40-കാരനായ ഇയാള്‍ക്കെതിരേ മറ്റ് എട്ടു പെണ്‍കുട്ടികളും സമാനമായ പരാതിനല്‍കിയിട്ടുണ്ട്.


ആസാറാമിനെതിരായ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഏപ്രിലില്‍ സുപ്രീംകോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരാതിക്കാരിയടക്കം 46 പേരുടെ സാക്ഷിവിസ്താരം ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിലെ രണ്ടു സുപ്രധാന സാക്ഷികള്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഒരാളെ കാണാതായി. പതിനേഴുപേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.