ന്യൂഡല്‍ഹി: അരുണാചലില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി . അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 43 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടു. 60 അംഗ സഭയില്‍ ഒരാളൊഴികെ എല്ലാവരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ഏക നിയമസഭാംഗം.


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസ് വിട്ട അംഗങ്ങള്‍ പിപിഎ എന്ന പാര്‍ട്ടി രൂപീകരിച്ചതായും പെമ ഖന്ദു അറിയിച്ചു. പിപിഎ ബി.ജെ.പിയില്‍ ലയിക്കുമോ ഒറ്റയ്ക്ക് നിന്ന് ഭരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ബി.ജെ.പിക്ക് ഇവിടെ 11 എം.എല്‍.എമാരുണ്ട്. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ സാഹചര്യം ഒരുങ്ങുന്നത്.


കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ രണ്ടു മാസം മുന്‍പാണ് പെമ ഖന്ദുവിനെ മുഖ്യമന്ത്രിയാക്കിയത്. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 47ഉം ബി.ജെ.പിക്ക് 11ഉം രണ്ട് സ്വതന്ത്രരുമാണ് ഉള്ളത്.


കോണ്‍ഗ്രസ് പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ നബാം തൂക്കി സര്‍ക്കാരിനെ മാറ്റി അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബി.ജെ.പി പിന്തുണയോടെ കലിഖോ പുലിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ നിയമിച്ചത്. ഇത് റദ്ദാക്കിയ സുപ്രീംകോടതി നബാം തൂക്കി സര്‍ക്കാരിനെ പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് ഇടപെട്ടായിരുന്നു പെമ ഖന്ദുവിന്‍റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.


അതിനിടെ, അധികാരം നഷ്ടപ്പെട്ടതോടെ വിഷാദരോഗത്തിന് അടിമപ്പെട്ട കോണ്‍ഗ്രസ് വിമതന്‍ കലിഖോ പുലിനെ കഴിഞ്ഞ മാസം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.