ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അഴിമതി ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഹരിയാനയില്‍ നടത്തിയ ഭൂമി ഇടപാടില്‍ രാഹുല്‍ കുടുംബത്തിന് നേരിട്ടുള്ള പങ്കുണ്ടെന്നതിനുള്ള രേഖകള്‍ ഉണ്ടെന്ന് സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

റോബര്‍ട്ട് വാദ്ര ഭൂമി കുംഭകോണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ സ്മൃതി ഇറാനി പ്രവാസി വ്യവസായി സി.സി തമ്പി, ആയുധ ഇടപാടുകാരന്‍ സഞ്ജയ് ബണ്ഡാരിയുമായി രാഹുലിനും വാദ്രക്കും അടുത്ത ബന്ധമാണെന്നും ആരോപിച്ചു. അതിന്റെ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയതായും സ്മൃതി ഇറാനി പറഞ്ഞു.


തമ്പിക്കെതിരെയും ബണ്ഡാരിക്കെതിരെയുമുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തില്‍ വാദ്രയ്ക്കും, രാഹുലിനുമുള്ള ബന്ധങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയെന്നും 2009ലെ പെട്രോളിയം ഇടപാടുകളിലെ തട്ടിപ്പില്‍ സി.സി തമ്പിയുടെ കമ്പനി പങ്കാളിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. 


കഴിഞ്ഞ എഴുപതു വര്‍ഷമായി കോണ്‍ഗ്രസ് രാജ്യത്ത് അഴിമതി മാത്രമാണ് നടത്തിയതെന്നും, വാദ്രയും ഗാന്ധി കുടുംബവും കൂടി രാജ്യത്തെ ചൂഷണം ചെയ്യുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.