ന്യൂഡല്‍ഹി: രാജ്യസഭാംഗമായതിനുശേഷവും തന്‍റെ പോര്‍ക്കളം മറക്കാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ താവളത്തില്‍ നുഴഞ്ഞുകയറാനുള്ള ശ്രമം നടത്തുകയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ സ്മൃതി ഇറാനി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമേത്തിയില്‍ ഏതുവിധേനയും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് സ്മൃതി ഇറാനിയുടെ മുന്‍പില്‍. അതിനുവേണ്ടി അവര്‍ എന്തിനും തയ്യാറാണ് എന്ന് വ്യക്തം. അല്ലെങ്കില്‍ താന്‍ പരാജയപ്പെട്ട മണ്ഡലത്തില്‍, തന്നെ ഒരിക്കല്‍ കൈവിട്ടവരുടെ മുന്‍പില്‍ വീണ്ടും എത്തേണ്ട ആവശ്യം അവര്‍ക്കെന്ത്? 


അമേത്തിയിലെ ജനങ്ങളുടെ മനസ്സില്‍ ഇടം നേടാനുള്ള ഒരവസരവും സ്മൃതി ഇറാനി വിട്ടുകളയില്ല. ദീപാവലിയും അങ്ങിനെതന്നെ. ഇത്തവണ അമേത്തിയിലെ സഹോദരിമാര്‍ക്ക് ദീപാവലി സമ്മാനമായി സാരി വിതരണം ചെയ്തിരിക്കുകയാണ് സ്മൃതി ഇറാനി. പതിനായിരം സാരിയാണ് സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിനായി മണ്ഡലത്തില്‍ എത്തിച്ചിരിക്കുന്നത്. 


സ്മൃതി ഇറാനി വിതരണം ചെയ്യുന്ന പതിനായിരം സാരിയുമായി അവരുടെ പ്രൈവറ്റ് സെക്രട്ടറി വിജയ്‌ ഗുപ്തയാണ് ശനിയാഴ്ച അമേത്തിയില്‍ എത്തിച്ചേര്‍ന്നത്‌.  അമേത്തിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ ദീപാവലി സമ്മാനമായി മണ്ഡലത്തിലെ സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്യുകയും ചെയ്തു. 


'എല്ലാ വർഷവും ഹോളി, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെ സമയത്ത് സ്മൃതി ഇറാനി അമേത്തിയിലെ തന്‍റെ സഹോദരിമാർക്ക് സാരി നല്‍കുന്ന പതിവുണ്ട്. ഇത്തവണ ദീപാവലിയ്ക്ക് ദിവസങ്ങള്‍മുന്‍പേ അവര്‍ സമ്മാനം എത്തിച്ചിരിക്കുകയാണ്. അമേത്തിയുമായുള്ള സ്മൃതി ഇറാനിയുമായുള്ള ബന്ധം വളരെ ദൃഢമാണ്. അമേത്തിയിലെ സ്ത്രീകള്‍ അവരെ 'ദീദി' എന്നാണ് വിളിക്കുന്നത്‌, ബിജെപി ജില്ല അദ്ധ്യക്ഷന്‍ ഉമാശങ്കർ പാണ്ഡെ പറഞ്ഞു.


2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി അമേത്തിയില്‍ മത്സരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും അമേത്തിയുമായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറല്ല. അവസരം ലഭിക്കുമ്പോഴെല്ലാം അവര്‍ അമേത്തി സന്ദര്‍ശിക്കാറുണ്ട്.