ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ട് പോയ 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനെ വെടിവെച്ചുകൊന്നു. ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഔറംഗസേബ് എന്ന സൈനീകനാണ് കൊല്ലപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുല്‍വാമ ജില്ലയിലെ ഗുസ്സു ഗ്രാമത്തില്‍ നിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വദേശമായ പൂഞ്ച് ജില്ലയിലെ പിര്‍ പഞ്ചാലിലേക്കു പോകുകയായിരുന്ന ഔറംഗസേബിനെ കലംപോരയില്‍വെച്ചാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്.  


ഔറംഗസേബിനെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിയേറ്റ മൃതദേഹം കണ്ടെത്തിയത്‌. റംസാനിലെ വെടിനിര്‍ത്തല്‍ തുടരാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്ന ദിവസം തന്നെയാണ് സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും.


ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഷുജാത് ബുക്കാരി ഭീകരരുടെ വെടിയേറ്റു മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ സംഭവവും നടന്നത്‌.