ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ രാജസ്ഥാന്‍ ഗവര്‍ണറുമായിരുന്ന കല്യാണ്‍ സിംഗിന് സമന്‍സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സമന്‍സ് അനുസരിച്ച് ഈ മാസം 27ന് ഹാജരാകണ൦. സിബിഐ പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്‌. 


രാജസ്ഥാന്‍ ഗവര്‍ണറായുള്ള കല്യാണ്‍ സിംഗിന്‍റെ കാലാവധി ഈ മാസം ആദ്യവാരം അവസാനിച്ചിരുന്നു. ശേഷം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ കല്യാണ്‍ സിംഗിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി സിബിഐ രംഗത്തെത്തിയത്. ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ വിചാരണയില്‍ നിന്ന് കല്യാണ്‍ സിംഗിന് ഭരണഘടനാപരമായ പരിരക്ഷ ലഭിച്ചിരുന്നു.


ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 1993ല്‍ കല്യാണ്‍ സിംഗിനെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നത് ചൂണ്ടിക്കാട്ടി സിബിഐ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായിരിക്കെയാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്‌. 


കേസില്‍ ബിജെപിയുടെ പല പ്രമുഖ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ത്ത കേസിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) മുതിർന്ന നേതാക്കളായ ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ മുഖ്യമന്ത്രി ഉമാ ഭാരതി, സാധ്വി റിതാംബര, മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവര്‍ വിചാരണ നേരിടുന്നുണ്ട്.


അതേസമയം, സജീവ രാഷ്ട്രീയം ലക്ഷ്യമിട്ടാണ് കല്യാണ്‍ സിംഗ് സംഘടനാരംഗത്ത് തിരിച്ചെത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് തിരിച്ചെത്തല്‍. 2014ല്‍ രാജസ്ഥാന്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു കല്യാണ്‍ സിംഗ്. 


ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലാണ് കല്യാണ്‍ സിംഗ് പ്രവര്‍ത്തിക്കുക. പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന കല്യാണ്‍ സിംഗിനെ ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗാണ് അംഗത്വം നല്‍കി പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തത്.