മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ രത്നവ്യാപാരി നീരവ് മോദിക്കും ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചോക്സിക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്. മുംബൈ പി.എം.എല്‍.എ കോടതിയാണ് വാറണ്ട് പുറത്തിറക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപ വായ്പാതട്ടിപ്പ് നടത്തിയ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് സാമ്പത്തിക തട്ടിപ്പ് കേസുകള്‍ പരിഗണിക്കുന്ന പിഎംഎല്‍എ കോടതിയെ സമീപിച്ചത്. കേസില്‍ മൂന്നു തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും നീരവ് മോദിയും മെഹുല്‍ ചോക്സിയും എത്തിയില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറണ്ട് അനിവാര്യമായതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 


ഒരു രാജ്യത്തെ കോടതിയില്‍ നിന്നും, മറ്റൊരു രാജ്യത്തെ കോടതിയിലേക്ക് നിയമം നടപ്പാക്കുവാന്‍ സഹായിക്കാനുള്ള നിയമപ്രകാരമുള്ള അപേക്ഷ ബെല്‍ജിയം അടിക്കമുള്ള ഏഴ് രാജ്യങ്ങളില്‍ കൂടി സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു. 


അതിനിടെ, നീരവ് മോദിയുടെ തട്ടിപ്പിന് കൂട്ടു നിന്ന പിഎന്‍ബി ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ ഗോകുല്‍നാഥ് ഷെട്ടിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സിബിഐ പ്രത്യേക കോടതിയെ സമീപിച്ചു. ഷെട്ടിയടക്കം ആറ് പേരെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഗോകുല്‍ നാഥ് ഷെട്ടിക്കൊപ്പം അറസ്റ്റിലായ മറ്റ് അഞ്ച് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ലഭിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.