മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റയില്‍വേ സ്റ്റേഷനിലുണ്ടായ അപകടം അധികൃതരുടെ അനാസ്ഥമൂലമാണെന്ന് ആരോപിച്ച് ശിവസേന. സ്റ്റേഷനിലെ കാൽനടപ്പാലത്തിന്‍റെ വീതി കൂട്ടുന്നതുൾപ്പെടെ ഇവിടെ നടപ്പാക്കേണ്ട വികസന പ്രവൃത്തികളെപ്പറ്റി റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു ഒന്നര വർഷം മുൻപ് ഉറപ്പു നൽകിയതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈയിലെ ശിവസേന എംപി അരവിന്ദ് സാവന്തിനാണ് 2016 ഫെബ്രുവരി 20ന് എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷന്‍റെ വികസനം ഉറപ്പു നൽകിയുള്ള കത്ത് സുരേഷ് പ്രഭു അയച്ചത്. എന്നാൽ ഇതിന്മേൽ തുടര്‍നടപടികളൊന്നും ഇല്ലാതിരുന്നതാണ് ഇന്നുണ്ടായ അപകടത്തിന് കാരണമായത്. അപകടസമയത്ത് പൊലീസ് എത്താൻ വൈകിയതിനെപ്പറ്റിയും വിമർശനമുയരുന്നുണ്ട്.


പന്ത്രണ്ട് അടി വീതിയിൽ പുതിയ കാൽനടപ്പാലം നിർമ്മിക്കുന്ന കാര്യം സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് സാവന്തിന് അയച്ച കത്തിൽ പറയുന്നുണ്ട്. പ്ലാറ്റ്ഫോം ഒന്ന്, രണ്ട് എന്നിവയുടെ വീതി കൂട്ടുന്നത് സംബന്ധിച്ചും കത്തിൽ സൂചനയുണ്ട്.


റെയിൽവേ സ്റ്റേഷൻ പരിസരത്തെ ദനയീയ സ്ഥിതി മാറ്റണമെന്നാവശ്യപ്പെട്ട് ആറു മാസം മുൻപ് പ്രദേശവാസികളും അധികൃതര്‍ക്ക് നിവേദനം നൽകിയിരുന്നു. കത്തുകള്‍ പരിഗണിക്കാതെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതിനാലാണ്  22 ജീവനുകൾ പൊലിഞ്ഞതെന്നാണ് ആക്ഷേപം.


സർക്കാർ നടപ്പാക്കിയ പൊതുജനങ്ങളുടെ കൂട്ടക്കൊലയാണ് ഇന്ന് ഉണ്ടായതെന്നും ശിവസേന കുറ്റപ്പെടുത്തി.